തിരുവല്ല: ആത്മഹത്യ ചെയ്യാന്‍ ആറ്റില്‍ചാടിയ യുവതിക്ക് പുതുജീവന്‍ നല്കി 14കാരനായ ആല്ബിന്. വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കവെയാണ്, അക്കരെനിന്ന് ആരോ ആറ്റില്‍ വീഴുന്നത് ആല്ബിന് കണ്ടത്. കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ആല്‍ബിനും ആറ്റിലേയ്ക്ക് ചാടി. കൂട്ടുകാരും വീട്ടുകാരും നോക്കിനില്‍ക്കെയാണ് ആല്ബിന് മറുത്ത് ചിന്തിക്കാതെ ചാടിയത്.
50മീറ്റര്‍ വീതിയില്‍ ഒഴുകുന്ന മണിമലയാറിലേയ്ക്കാണ് ആല്ബിന് ചാടിയത്. അക്കരെയെത്തുമ്പോഴേക്കും യുവതി രണ്ടുതവണ മുങ്ങിപ്പൊങ്ങി. മൂന്നാംതവണ താഴുമ്പോഴേയ്ക്കും ആല്ബിന് തുണയായി എത്തി. സര്‍വശക്തിയും സംഭരിച്ച് 39 വയസ്സുള്ള യുവതിയുമായി പതിന്നാലുകാരന് കരയിലേക്ക് നീന്തി. യുവതിയെ കരയിലേക്ക് വലിച്ചുകയറ്റി. രക്ഷാ പ്രവര്‍ത്തനത്തിന്റെ തളര്‍ച്ചയുണ്ടായിരുന്നെങ്കിലും ഒരുജീവന് രക്ഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷം ആല്‍ബിന്റെ മുഖത്ത് പ്രകടമായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തിരുമൂലപുരത്തെ കടവിന് സമീപത്തുനിന്ന് യുവതി ആറ്റില്‍ ചാടിയത്. കുടുംബ സുഹൃത്തിന്റെ സംസ്കാരച്ചടങ്ങിനാണ് തിരുവല്ലയിലെത്തിയത്. ആല്ബിന് കരയ്ക്കെത്തിച്ച ഇവരെ കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെജി സഞ്ചുവും ആല്‍ബിന്റെ പിതാവ് ബാബുവും ചേര്‍ന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
കുടുംബപ്രശ്നങ്ങള്‍ കാരണം ജീവിതം അവസാനിപ്പിക്കാനാണ് ആറ്റില്‍ ചാടിയതെന്ന് യുവതി പറഞ്ഞു. കുറ്റൂര്‍ തെങ്ങേലി പോത്തളത്ത് പാപ്പനാവേലില്‍ വീട്ടില്‍ ബാബു-ആന്‍സി ദമ്പതിമാരുടെ മകനാണ് ആല്ബിന്.
Discussion about this post