ഇടുക്കി: പള്ളി മുറ്റത്തെ കല്‍ക്കുരിശിലെ അലങ്കാര മാലകള്‍ അഴിക്കവേ കുരിശിന്റെ ഒരു ഭാഗം അടര്‍ന്ന് വീണ് യുവാവ് മരിച്ചു. അടിമാലി മച്ചിപ്ലാവ് സ്വദേശി അറയ്ക്കല്‍ സലിന്റെ മകന്‍ ആല്‍ബിന്‍ (20) ആണ് തിങ്കളാഴ്ച ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സിസ് അസ്സീസി പള്ളിയുടെ മുന്നിലെ കുരിശടിയിലെ വലിയ കല്‍ക്കുരിശിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. പെരുന്നാളിനോട് അനുബന്ധിച്ചു സ്ഥാപിച്ച അലങ്കാര മാലകള്‍ അഴിക്കവേയാണ് അപകടമുണ്ടായത്.
ഞായറാഴ്ച്ച വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. പള്ളിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുനാള്‍ ആഘോഷങ്ങളായിരുന്നു. തിരുനാളിന്റെ ഭാഗമായി പള്ളിയും, സമീപത്തെ കുരിശടിയും വൈദ്യുതി ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.
തിരുനാള്‍ കഴിഞ്ഞ് എല്‍ഇഡി ലൈറ്റുകളുടെ അലങ്കാര മാലകള്‍ അഴിച്ച് നീക്കുന്നതിനിടെ വൈദ്യുതി മാല കല്‍ക്കുരിശിന്റെ ഇടയില്‍പ്പെട്ടു. ആല്‍ബിന്‍ ഇതില്‍ പിടിച്ചപ്പോള്‍ കല്‍ക്കുരിശിന്റെ മുകള്‍ഭാഗം അടര്‍ന്ന് ആല്‍ബിന്റെ ദേഹത്ത് വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ് രക്ത സ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സക്കിടെയാണ് തിങ്കളാഴ്ച്ച മരിച്ചത്.
പെരുമ്പാവൂരില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ആല്‍ബിന്‍.
ശവസംസ്‌ക്കാരം മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സിസ് അസ്സീസി പള്ളി സെമിത്തേരിയില്‍ നടന്നു. ഷേര്‍ളിയാണ് മാതാവ്. ലിബിന്‍ ഏക സഹോദരന്‍.