തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഇന്ന് ആചരിക്കുന്ന ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി. മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം ഹര്‍ത്താലുകള്‍ വ്യാപാര മേഖലയില്‍ ഉണ്ടാക്കുന്ന നഷ്ടം വിവരണാതീതമാണെന്നും വ്യാപാരി വ്യവസായ സമിതി പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളപ്പൊക്ക ദുരിതവും സാമ്പത്തിക മാന്ദ്യവും മൂലം പ്രതിസന്ധി നേരിടുന്ന വ്യാപാര വാണിജ്യ മേഖലക്ക് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നതായിരിക്കും ഹര്‍ത്താല്‍. ഈ ഹര്‍ത്താല്‍ ജനങ്ങള്‍ തള്ളിക്കളയണം. സംസ്ഥാനത്ത് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വികെസി മമ്മദ് കോയ എംഎല്‍എയും സംസ്ഥാന സെക്രട്ടറി ഇഎസ് ബിജുവും പ്രസ്താവനയില്‍ പറഞ്ഞു.
കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് വേണുഗോപാലന്‍ നായര്‍ എന്നയാള്‍ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാള്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തീ കൊളുത്തിയ ശേഷം ഇയാള്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന സമരപന്തലിന് സമീപത്തേക്ക് ഓടിയടുക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ഇന്നലെ വൈകീട്ടാണ് മരിച്ചത്. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന വാദമുയര്‍ത്തിയാണ് ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അതേസമയം ജീവിതം തുടരാന്‍ താല്പര്യമില്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വേണുഗോപാലന്‍ നായര്‍ തന്റെ മൊഴിയില്‍ പറയുന്നത്. ശബരിമല പ്രതിഷേധത്തെക്കുറിച്ചോ സ്ത്രീപ്രവേശനത്തെക്കുറിച്ചോ ഈ മൊഴിയില്‍ ഒന്നും പറയുന്നില്ല.
Discussion about this post