തൃശൂർ: ഫാസ്ടാഗിൽ 2900 രൂപയുണ്ടായിട്ടും ടോൾ പ്ലാസയിൽ കാറ് തടഞ്ഞ് ഇരട്ടിത്തുക പിഴ അടയ്ക്കാൻ നിർബന്ധിച്ചതായി പരാതി. കാർ യാത്രക്കാരനായ കുഴൂർ കൊടിയൻ വീട്ടിൽ കെഡി ജോയിയെ തടഞ്ഞാണ് പാലിയേക്കര ടോൾ പ്ലാസ അധികൃതർ അതിക്രമം കാണിച്ചത്. ജോയിയുടെ ലൈസൻസ് അനധികൃതമായി ടോൾ പ്ലാസ അധികൃതർ കസ്റ്റഡിയിലെടുത്തു. ജോയിയുടെ ലൈസൻസ് ബലമായി പിടിച്ചു വച്ച ടോൾപ്ലാസ അധികൃതർ ജോയിയെയും ഒപ്പമുണ്ടായിരുന്നവരെയും ഏറെ നേരം നിർത്തി വലയ്ക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
തർക്കത്തിന് ഒടുവിൽ പരിഹാരം തേടി ജോയി ഒടുവിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ചയാണ് ജോയി ടോൾ പ്ലാസയിലൂടെ സഞ്ചരിച്ചത്. ഫാസ്ടാഗ് റീഡ് ചെയ്തില്ലെന്നു പറഞ്ഞു തടഞ്ഞുവച്ചു. ടാഗിൽ നിന്നു പണം കിട്ടാത്തത് ടോൾ പ്ലാസയിലെ സംവിധാനത്തിന്റെ കുഴപ്പമാണെന്നും ടാഗ് റീചാർജ് ചെയ്തിട്ടുള്ളതാണെന്നും തെളിവുസഹിതം കാണിച്ചു കൊടുത്തിട്ടും പോകാൻ അനുവദിച്ചില്ല.
അധികൃതർ പിടിച്ചുവെച്ച ലൈസൻസ് തിരിച്ചു ചോദിച്ചപ്പോൾ ഇരട്ടിത്തുക പിഴ അടയ്ക്കണമെന്നു നിർദേശിച്ചു. ഫാസ്ടാഗ് റീചാർജ് ചെയ്തിട്ടുള്ളതിനാൽ പിഴ അടയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച ജോയി ലൈസൻസ് പിടിച്ചെടുത്തതായി എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
ഒടുവിൽ, പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകിയാണ് പരിഹാരം കണ്ടത്. ഫാസ്ടാഗ് അക്കൗണ്ടിൽ 2900 രൂപ ബാക്കിയുള്ളതിന്റെ രേഖയും കാണിച്ചു കൊടുത്തു. പിന്നീട്, പോലീസ് ടോൾ പ്ലാസ അധികൃതരെ വിളിച്ചു വരുത്തി ലൈസൻസ് തിരികെ വാങ്ങി നൽകുകയായിരുന്നു.