തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഇന്നലെ പുലര്‍ച്ചെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിലെ പിണറായി വിജയന് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് മരണത്തിന് വഴിവച്ചതെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍ മരണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്നാണ് പോലീസ് വിശദീകരണം. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചു. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്ക് മാറ്റി
അതേസമയം, ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ അക്രമത്തിന് മുതിരുകയോ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അക്രമം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐ ജിമാരോടും സോണല്‍ എഡിജി പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post