അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ക്ഷണിക്കാത്തത് രാഷ്ട്രീയം കാരണമെന്ന് സലിം കുമാർ; വിളിക്കാൻ വൈകിയതാവുമെന്നു കമൽ

kamal-and-salim

കൊച്ചി: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചിയിലെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ തന്നെ ക്ഷണിച്ചില്ലെന്ന ദേശീയ അവാർഡ് ജേതാവ് നടൻ സലിം കുമാറിന്റെ പരാതിയോട് പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. തനിക്ക് പ്രായം കൂടിയതുകൊണ്ട് ക്ഷണിക്കാത്തതെന്ന് പരിഹസിച്ച് സലിം കുമാർ രംഗത്തെത്തിയിരുന്നു. തന്റെ രാഷ്ട്രീയത്തോടുള്ള എതിർപ്പും കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ രാഷ്ട്രീയമല്ല കാരണമെന്നും അദ്ദേഹത്തെ വിളിക്കാൻ വൈകിയതാവുമെന്നുമാണ് കമലിന്റെ പ്രതികരണം. സലിം കുമാറിനെ ഒഴിവാക്കി കൊച്ചിയിൽ ഒരു മേള സാധ്യമല്ലെന്നും കമൽ പറഞ്ഞു. സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ല. ലിസ്റ്റിൽ ഉൾപ്പെടുത്തിയുണ്ട്. വിവാദം അനാവശ്യമാണ്. സലിം കുമാർ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിലുണ്ട്. വിളിക്കാൻ വൈകിയതാകും കാരണം. ഉദ്ഘാടന ചടങ്ങിലെ അതിഥികളുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല. രാഷ്ട്രീയമായി മാറ്റി നിർത്താവുന്ന ആളല്ല സലിം കുമാറെന്നും അദ്ദേഹം പറഞ്ഞു.

സലിം കുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ലെന്നും കമൽ പ്രതികരിച്ചു. അതേസമയം, ഇനി വിളിച്ചാലും പങ്കെടുക്കില്ലെന്ന് സലിം കുമാർ തിരിച്ചടിച്ചു. തന്നെ ഒഴിവാക്കി നിർത്തുന്നതിൽ ചിലർ വിജയിച്ചു. പ്രായമല്ല പ്രശ്‌നം. തനിക്കൊപ്പം മഹാരാജാസിൽ പഠിച്ചവർ ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സലിം കുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും സലിം കുമാറിനെ ഉടൻ വിളിക്കുമെന്നും കമൽ അറിയിച്ചു. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നടക്കും. കെജി ജോർജിന്റെ നേതൃത്വത്തിൽ യുവതലമുറയിലെ ചലച്ചിത്ര പ്രവർത്തകർ 25 തിരിതെളിക്കും.

Exit mobile version