കൊച്ചി: തൊഴില്‍ തേടി പറവൂരിലെത്തിയ ബംഗാള്‍ സ്വദേശി സാബിര്‍ നാട്ടിലേക്ക് മടങ്ങുന്നത് ലക്ഷപ്രഭുവായിട്ട്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയാണ് സാബിറിനെ ലക്ഷപ്രഭുവാക്കിയിരിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് സാബിറിന് ലഭിച്ചിരിക്കുന്നത്.
ഏഴ് വര്‍ഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സാബിര്‍ ജോലി ചെയ്യുകയാണ്. രണ്ട് വര്‍ഷത്തോളമായി പറവൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നു. ജോലി ചെയ്യുന്ന ശമ്പളത്തിന്റെ പകുതിയും ലോട്ടറിക്കായാണ് സാബിര്‍ ചെലവാക്കിയിരുന്നത്. ദിവസവും ലോട്ടറി എടുക്കും.
പറവൂരില്‍ ലോട്ടറി വില്പന നടത്തുന്ന ശിവരാമനില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച 42 ലോട്ടറിയാണ് സാബിര്‍ എടുത്തത്. അതിലൊന്നിനാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ടിക്കറ്റ് എസ്ബിഐ ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.
പകലും രാത്രിയും രണ്ട് ഹോട്ടലുകളില്‍ ജോലി ചെയ്താണ് സാബിര്‍ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. നാല് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. ആറുമാസം കൂടി കേരളത്തില്‍ ഹോട്ടല്‍ ജോലി തുടരാനാണ് സാബിറിന്റെ ആലോചന. ശേഷം നാട്ടില്‍ എത്തി ഒരു ഹോട്ടല്‍ തുടങ്ങാനും വീട് വയ്ക്കാനും ആഗ്രഹമുണ്ട്.
കഴിഞ്ഞ ജനുവരി 30ന് നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനവും അതിഥി തൊഴിലാളിയ്ക്കായിരുന്നു. കൊയിലാണ്ടിയില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശി നാല്പ്പതുകാരന് മുഹമ്മദ് സായിദിനാണ് അമ്പത് ലക്ഷം രൂപ ലഭിച്ചത്.
Discussion about this post