കോട്ടയം: മനോനില തകരാറിലായ സ്ത്രീ ബഹളം വെച്ച് യാത്രക്കാരെ ശല്യം ചെയ്തതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തെങ്കിലും അവർക്ക് ഒരു അഭയസ്ഥാനം ഒരുക്കാനാകാതെ കഷ്ടപ്പെട്ടത് പോലീസ്. സുരക്ഷിതസ്ഥലത്തേക്ക് സ്ത്രീയെ എത്തിക്കാൻ പിങ്ക് പോലീസ് കറങ്ങിയത് ഒരു പകൽ. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളോടെയാണ് എല്ലാ സംഭവങ്ങൾക്കും തുടക്കമായത്. തുടർന്ന് പിങ്ക് പോലീസ് നാഗമ്പടം ബസ് സ്റ്റാൻഡിലെത്തിയപ്പോൾ അസഭ്യവർഷവും ഭീഷണിയുമായി നിന്ന സ്ത്രീയെയാണ് കാണാനായത്. ഏറെ അനുനയിപ്പിക്കാൻ പിങ്ക് പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മനോനില തകരാറിലായ സ്ത്രീ ഇരുകാലുകളും നീരുവന്ന് വ്രണമായ അവസ്ഥയിലായ ഇവരെ ഏതെങ്കിലും വനിതാ സംരക്ഷണകേന്ദ്രത്തിലാക്കാൻ പോലീസ് ശ്രമം തുടങ്ങിയോടെയാണ് അലച്ചിൽ ആരംഭിച്ചത്. പല കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിലും സ്ത്രീ മനോനില തകരാറിലായ നിലയിലായതിനാലും ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. പോലീസ് ആംബുലൻസിനായി നഗരസഭയുടെ സഹായം തേടി. പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധന നടത്തി. റിസൾട്ടും വാങ്ങി നേരെ നവജീവനിലേക്ക്. അവിടെനിന്ന് ഡയറക്ടർ പിയു തോമസിന്റെ കത്തുമായി വൈകീട്ട് ആറുമണിയോടെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
സ്ത്രീയെ ഏറ്റെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറായതോടെ പിങ്ക് പോലീസിന്റെ കഷ്ടപ്പാടിന് അറുതിയായി. ഒരു പകൽ നീണ്ട പരിശ്രമം ഫലം കണ്ടത് ആശ്വാസമായി. നേരത്തെ നഗരസഭാ അധികൃതർ ശാന്തിഭവനിലെത്തിച്ച ഇവർ അവിടെനിന്ന് രക്ഷപ്പെട്ട് നാഗമ്പടത്ത് അലഞ്ഞുതിരിഞ്ഞ് കഴിയുകയായിരുന്നു. ഭർത്താവും മക്കളുമുണ്ടെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. അങ്കമാലിയിലാണ് വീട്, വിവാഹം കഴിച്ചയച്ചത് പെരുമ്പാവൂരും എന്നൊക്കെ കണ്ടെത്തിയിരുന്നു.
‘ഭർത്താവ്, എന്റെ മകൻ’ എന്ന് ഇടക്കിടെ പോലീസിനോട് പറയുകയും ചെയ്തിരുന്നു. ഇവർ പറഞ്ഞതനുസരിച്ച് അങ്കമാലി, പെരുമ്പാവൂർ ഉൾപ്പെടെ പോലീസ് സ്റ്റേഷനുകളുമായി പിങ്ക് പോലീസ് ബന്ധപ്പെട്ടെങ്കിലും കാണാതായതു സംബന്ധിച്ച പരാതികളൊന്നും ഈ സ്റ്റേഷനുകളിലില്ല.
തുടർന്ന് ഭർത്താവും മക്കളും ചേർന്ന് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പട്ടിണിയും രോഗാവസ്ഥയും മൂലം അവശനിലയിലാണ് 60 വയസ് തോന്നിക്കുന്ന ഈ വയോധിക. ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച സന്തോഷത്തിലാണ് പിങ്ക് പോലീസ്. എസ്ഐ അനിലാകുമാരി, സിപിഒമാരായ താനിയ വർഗീസ്, ജ്യോതിമോൾ എന്നിവരാണ് ഈ സ്ത്രീയെ സുരക്ഷിതകേന്ദ്രത്തിലെത്തിച്ചത്.
Discussion about this post