കോട്ടയം: വെറും 15 ദിവസത്തെ സ്‌നേഹബന്ധമേയുള്ളൂ അവർ തമ്മിൽ, പക്ഷെ ജ്യുവലിന് സാലി സ്വന്തം അമ്മ തന്നെയായിരുന്നു. ഭാഷയറിയാത്ത ദിക്കിൽ നിന്നും വന്ന ജ്യുവലിനെ സാലി ഈ 15 ദിവസവും പൊന്നുപോലെയാണ് നോക്കിയത്. അവരുടെ വീടൊരു സ്വർഗ്ഗമായിരുന്നു. എന്നാൽ വളർത്തുമകളെ ബന്ധുക്കളെ കാണിക്കാനായി പുറപ്പെട്ടതിനിടെ സാലിയെ അപകടത്തിന്റെ രൂപത്തിൽ വിധി തട്ടിയെടുക്കുകയായിരുന്നു.
ഡൽഹിയിൽ നിന്നാണ് സാലിയും ഭർത്താവ് ജോയിയും ചേർന്ന് ജ്യുവലെന്ന ഏഴുവയസുകാരിയെ ദത്തെടുത്തത്. പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വന്ന സന്തോഷത്തിലായിരുന്നു സാലി. ഒരു കുഞ്ഞുണ്ടാവുമ്പോൾ ഇടണമെന്ന് ആഗ്രഹിച്ച ജ്യുവൽ എന്ന പേര് നൽകി ലക്ഷ്മി എന്ന ഏഴുവയസുകാരിയെ സാലി പൊന്നുപോലെ നോക്കുകയായിരുന്നു. ജോയിക്കും സാലിക്കും ഇടയിൽ എത്തിയ ജ്യുവലിന് ഇതുവരെയുള്ള അനാഥത്വം മറക്കാനുള്ള സ്‌നേഹം ഈ 15 ദിവസത്തിനുള്ളിൽ തന്നെ ലഭിച്ചിരുന്നു. എന്നാൽ വിധി പോലും അസൂയപ്പെട്ടിരിക്കാം ഇവരുടെ സ്‌നേഹബന്ധം കണ്ട്. സാലിയുടെ അകാലത്തിലുള്ള വിയോഗം ജ്യുവലിനെ വീണ്ടും അനാഥയാക്കിയിരിക്കുകയാണ്. ഇതുവരെ ലഭിക്കാതെ പോയ സ്‌നേഹം നൽകി ലാളിച്ച സാലിക്ക് അന്ത്യചുംബനം നൽകുമ്പോൾ ജ്യുവൽ പൊട്ടിക്കരഞ്ഞു. കണ്ടുനിന്നവർക്കിടയിൽ നിന്നും സങ്കടം താങ്ങാനാകാതെ വിതുമ്പലുയർന്നു.
പപ്പ ജോയിയുടെ കൈകളിലിരുന്ന് ജ്യുവൽ ചുറ്റുമുള്ളവരെ ഭയത്തോടെ നോക്കി. തന്നെ ചേർത്ത് പിടിക്കാൻ സാലിയുടെ കൈകൾ ഇനിയില്ലെന്ന ഭയം അവളുടെ കണ്ണുകളിലുണ്ടായിരുന്നു. കഴിഞ്ഞ 15 ദിവസം തന്നെ സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിച്ച ഈ വീട് കനത്ത നിശബ്ദതയിലായത് ജ്യുവലിനെ കൂടുതൽ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന ്‌ജോയിക്കും കുടുംബാംഗങ്ങൾക്കും അറിയുന്നുണ്ടായിരുന്നില്ല.
ചെറുവാണ്ടൂരിൽ ഞായറാഴ്ചയാണ് സാലി കാറിടിച്ച് മരിച്ചത്. മുമ്പ് ബംഗളൂരുവിൽ നഴ്‌സായിരുന്നു സാലി. നാട്ടിലെത്തിയശേഷം ലോക്ക്ഡൗൺ കാലത്താണ് ജ്യൂവൽ സ്റ്റോഴ്‌സ് എന്ന കട വീടിനോട് ചേർന്ന് തുടങ്ങിയത്. പിന്നീട് ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് തനിക്ക് ഏറെ പ്രിയപ്പെട്ട ജ്യുവൽ എന്ന പേരും സമ്മാനിച്ച് സാലി സന്തോത്തിന്റെ ലോകത്തായിരുന്നു. ഡൽഹിയിൽ നിന്നും എത്തിയ ജ്യുവലാകട്ടെ വളരെ വേഗം സാലിയും ജോയിയുമായി അടുത്തു. അവൾക്ക് അവർ സ്വന്തം മമ്മിയും പപ്പയുമായി. സ്‌നേഹത്തിന്റെ പുതിയ ലോകം അവർക്കു മുന്നിൽ തുറക്കുകയായിരുന്നു.
സാലി കുഞ്ഞിനെ കാണിക്കാനായി എല്ലാ ബന്ധുക്കളുടെയും വീടുകളിൽ പോയിരുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് ബന്ധുവായ സുനിലിന്റെ വീട്ടിൽ ജ്യൂവലിനെയും കൂട്ടി പോയതായിരുന്നു സാലി. ഇതാണ് അപകടത്തിലേക്കുള്ള യാത്രയായത്. അമിതവേഗത്തിലെത്തിയ കാറിന്റെ രൂപത്തിൽ മരണം സാലിയെ തട്ടിയെടുത്തു. തിങ്കളാഴ്ച വൈകീട്ട് ചെറുവാണ്ടൂർ സ്വർഗീയവിരുന്ന് സെമിത്തേരിയിൽ സാലിയുടെ ശവസംസ്‌കാരം നടത്തി.