തൃശ്ശൂര്‍: ബിജെപി സമരപ്പന്തലിന് മുന്നിലെ ആത്മഹത്യയുടെ പേരില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധം. ‘പിണറായി സര്‍ക്കാറിന്റെ അയ്യപ്പവേട്ടയില്‍ മനംനൊന്ത് ജീവനൊടുക്കിയ വേണുഗോപാലന്‍ നായരോട് ആദര സൂചകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണെന്നാണ് ബിജെപി കേരളം ഫേസ്ൂുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
എന്നാല്‍ സമൂഹ മാധ്യമങ്ങളിലടക്കം വന്‍ രോഷമാണ് ഇതിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെയും കൂട്ടം ചേര്‍ന്നുള്ള ‘പൊങ്കാല’യാണ് നടക്കുന്നത്.
ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു വേണുഗോപാലന്‍ നായര്‍ സ്വയം തീക്കൊളുത്തിയത്. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ടോടെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
എന്നാല്‍, മജിസ്‌ട്രേറ്റിനും ഡോക്ടര്‍ക്കും ഇദ്ദേഹം നല്‍കിയ മരണമൊഴിയില്‍ ശബരിമലയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ പരാമര്‍ശമില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ജീവിച്ച് മടുത്തെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. മരണമൊഴി പുറത്ത് വന്നതോടെ ഹര്‍ത്താലിന്റെ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ഇതിനു പുറമെ, മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്റെ’ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മോഹന്‍ലാല്‍ ഫാന്‍സിനേയും ചൊടിപ്പിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒടിയന്‍ സിനിമ എത്തുന്നതെന്നും ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വെറുതെയിരിക്കില്ലെന്നുമാണ് ഫാന്‍സിന്റെ പ്രതികരണം.
Discussion about this post