അടൂര്‍: പ്രണയത്തിനുമുന്നില്‍ പ്രായം തടസ്സമായില്ല, സരസ്വതി ഇനി രാജനു സ്വന്തം. മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളായ രാജനും (58) സരസ്വതിയും (65) പ്രണയ ദിനത്തിലാണ് ഒന്നായത്.
മഹാത്മായില്‍ ഒരുക്കിയ ലളിതമായ ചടങ്ങില്‍ ഇന്നലെ രാവിലെ 11നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയാണ് രാജന് താലി എടുത്ത് നല്‍കിയത്. വധുവിന് അണിയാനുള്ള ആഭരണം അടൂര്‍ ഗോള്‍ഡ് ജ്വല്ലറി ഉടമ സുഭാഷും നല്‍കി.
രാജന്‍ കേരളത്തിലെത്തി ശബരിമല സീസണില്‍ കടകളില്‍ ജോലിചെയ്തുവന്നിരുന്നു. സീസണ്‍ കഴിഞ്ഞാല്‍ മടങ്ങാറില്ല. അവിടെ തന്നെ കൂട്ടംചേര്‍ന്ന് ആഹാരം വച്ച് കഴിച്ച് കഴിയും. ജോലി ചെയ്ത് കിട്ടുന്ന തുകയൊക്കെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കും. സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച രാജന്‍ വിവാഹം ചെയ്തില്ല.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളം ലോക്ക് ഡൗണായതോടെ രാജന്‍ ഉള്‍പ്പടെ ആറ് പേരെ പമ്പാ പോലീസ് താല്‍ക്കാലിക സംരക്ഷണത്തിനായി അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിന് കൈമാറി. വയോജനങ്ങളുടെ സംരക്ഷണത്തിലും പാചകത്തിലും തല്‍പരനായ രാജന്‍ സ്വയം ജോലി ഏറ്റെടുത്തു.
അവിവാഹിതയും സംസാരവൈകല്യവുമുളള സരസ്വതിയുടെ മാതാപിതാക്കള്‍ മരണപ്പെട്ടതോടെ തനിച്ചായി. സരസ്വതിയെ 2018 ഫെബ്രുവരി 2ന് ആണ് മഹാത്മാ ഏറ്റെടുത്തത്. രോഗബാധിതരായ വയോജനങ്ങളുടെ പരിചരണത്തില്‍ അവരും തല്‍പരയായി.
ഇരുവരും വയോജനങ്ങളെ പരിപാലിക്കുന്ന ജോലിക്കിടെ പ്രണയത്തിലാവുകയായിരുന്നു. ഈ വിവരം മഹാത്മാ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രണയദിനത്തില്‍ വിവാഹിതരാവാനുള്ള അവസരമൊരുക്കിയത്.
സരസ്വതിയുടെ ബന്ധുക്കളെയും ആ മേഖലയിലെ ജനപ്രതിനിധികളെയും വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാവര്‍ക്കും സമ്മതം രാജന്റെ സഹോദരിമാരെയും മക്കളെയും വിവരം അറിയിച്ചു. അവര്‍ക്കും സമ്മതം. ഞായറാഴ്ച രാവിലെ 11നും 11.30നും ഇടയിലുളള മുഹൂര്‍ത്തത്തില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
കൊടുമണ്‍ ജീവകാരുണ്യ ഗ്രാമത്തില്‍ നിര്‍മിച്ചിട്ടുളള വീടുകളില്‍ ഒന്നില്‍ ഇവര്‍ക്ക് താമസവും തൊഴിലും നല്‍കി ജീവിതം സന്തോഷകരമാക്കുമെന്ന് മഹാത്മ സെക്രട്ടറി പ്രീഷില്‍ഡ അറിയിച്ചു.