‘സുരേന്ദ്രന്റെ നാവ് പൊന്നാണ്, 50 രൂപക്ക് അര ലിറ്റര്‍ പെട്രോള്‍ ഏതാണ്ട് ശരിയായിട്ടുണ്ട്’ ട്രോളി ഷാഫി പറമ്പില്‍

Shafi Parambil | Bignewslive

കോഴിക്കോട്: ദിനംപ്രതി കുതിച്ചുയരുന്ന വിലവര്‍ധനവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ പരിഹാസവുമായി എത്തിയത്. ഇത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയമെന്ന് അദ്ദേഹം കുറിച്ചു. 50 രൂപയ്ക്ക് പെട്രോളെന്ന സുരേന്ദ്രന്റെ പ്രസ്താവനയെയാണ് ഷാഫി പരിഹസിച്ചത്. ഇന്ധന വില കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഷാഫി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ കുതിപ്പ്. ഇന്നും വില വര്‍ധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈയുമാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.87രൂപയും ഒരു ലിറ്റര്‍ ഡീസലിന് 85.31 പൈസയുമായി ഉയര്‍ന്നു. ഈ മാസം ഒമ്പതാം തവണയാണ് വില വര്‍ധിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

”ഇത് മോഡി അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയം. കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോള്‍ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. അര ലിറ്റര്‍ 50 രൂപക്കുറപ്പായിട്ടുണ്ട്. ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും.’

Exit mobile version