കൊച്ചി: കോൺഗ്രസിലേക്ക് ചേക്കേറിയ സംവിധായകൻ മേജർ രവിയെ അനുനയിപ്പിച്ച് തിരിച്ചെത്തിക്കാൻ ബിജെപി നേതൃത്വത്തിന്റെ പരിശ്രമം തുടരുന്നു. ബിജെപി-ആർഎസ്എസ് നേതാക്കൾ മേജർ രവിയുമായി സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറ എത്തിയതിനിടെ വേദിയിൽ പ്രത്യക്ഷപ്പെട്ട മേജർ രവിയെ തിരികെ എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
ബിജെപിനേതൃത്വവുമായി വലിയ ബന്ധം പുലർത്തിയിരുന്ന മേജർ രവി പെട്ടെന്ന് മറുകണ്ടം ചാടിയത് വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപി നേതാക്കളുടെ പ്രചാരണ പരിപാടികളിലെല്ലാം മേജർ രവി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ബിജെപി നേതാക്കൾക്കെതിരെ അദ്ദേഹം വലിയ വിമർശനം ഉന്നയിച്ചതും ശ്രദ്ധേയമായിരുന്നു.
ബിജെപിയുടെ പ്രധാന നേതാക്കൾ മേജർ രവിയുമായി ഫോണിൽ സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ. താൻ നേരത്തേ ഉന്നയിച്ച വിമർശനങ്ങൾ നേതാക്കളുമായി പങ്കുവെച്ചതായി മേജർ രവി പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ സ്വീകരണയോഗത്തിൽ തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെത്തിയ പ്രധാനമന്ത്രി ബിജെപിയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരുന്നതിനായി കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും പൊതുജനസമ്മതിയുള്ളവരെ പാർട്ടിയിലേക്ക് ആകർഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മേജർ രവിയെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നതെന്നാണ് സൂചന.