തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച സാഹചര്യത്തിൽ നടക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം. നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് അറിയിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ നടത്തിയ ചർച്ചകൾക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് അത്തരം പ്രചാരണങ്ങൾ ക്രമസമാധാന പ്രശ്‌നമായാൽ കമ്മീഷൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി ഈസ്റ്റർ, വിഷു, റംസാൻ തുടങ്ങിയവയും പരീക്ഷകളും കണക്കിലെടുത്ത് നിശ്ചയിക്കും. കേന്ദ്രസേനയുടെ ലഭ്യത കണക്കിലെടുത്തായിരിക്കും തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം.
കോവിഡ് സാഹചര്യത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണം ഇരട്ടിയോളമാക്കാനാണ് നിലവിലെ തീരുമാനം. 25,000ൽനിന്ന് 40,777 ആക്കി ബൂത്തുകളുടെ എണ്ണം ഉയർത്തും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂട്ടും. എത്ര മണിമുതൽ എത്രമണിവരെ എന്നത് പിന്നീടു തീരുമാനിക്കും. 80 വയസ്സ് കഴിഞ്ഞവർക്ക് തപാൽവോട്ട് ചെയ്യാം. കോവിഡ് ബാധിതർക്ക് അവസാന സമയങ്ങളിൽ വോട്ടുചെയ്യാം. എല്ലാ പോളിങ് ഉദ്യോഗസ്ഥർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പണത്തിന്റെ സ്വാധീനവും സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗവും തടയാൻ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ നാമനിർദേശപത്രികയും അനുബന്ധരേഖകളും ഓൺലൈനായി പൂരിപ്പിക്കാം. അതിന്റെ പ്രിന്റൗട്ട് വരണാധികാരിക്കു സമർപ്പിച്ചാൽ മതി. വോട്ടർപ്പട്ടികയിൽ അക്ഷയ സെന്ററുകളിലൂടെ സൗജന്യമായി പേരുചേർക്കാൻ അനുവദിക്കണമെന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.