ഏറ്റുമാനൂർ: ജീവിതത്തിലേക്ക് പുതിയ അതിഥി വന്ന സന്തോഷത്തിൽ ബന്ധുക്കളുടെ അരികിലേക്ക് പുറപ്പെട്ട സാലിയെ പാതിവഴിയിൽ കവർന്നെടുത്ത് മരണം. ദത്തെടുത്ത കുഞ്ഞിനെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചയപ്പെടുത്താനായി പുറപ്പെട്ടതിനിടെയാണ് വളർത്തുമകളെ ഓമനിച്ചു കൊതിതീരുംമുമ്പേ ആ അമ്മയെ വിധി തട്ടിയെടുത്തത്. അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് സാലി (46)മരണപ്പെട്ടത്. സാലിയുടെ കൈയ്യിൽ ഇരിക്കുകയായിരുന്ന വളർത്തുമകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
മണർകാട്-പട്ടിത്താനം ബൈപ്പാസിൽ ചെറുവാണ്ടൂർ പള്ളിപ്പടിക്കുസമീപം ഞായറാഴ്ച രാത്രി 7.30നായിരുന്നു സംഭവം. ചെറുവാണ്ടൂർ വള്ളോംകുന്നേൽ ജോയിയുടെ ഭാര്യ സാലിയാണ് മരിച്ചത്. വളർത്തുമകളായ ജുവൽ(ആറ്) ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സാലിയും ജോയിയും അടുത്തകാലത്താണ് ഡൽഹിയിൽ നിന്നും ജുവലിനെ ദത്തെടുത്തത്. ബംഗളൂരുവിൽ നഴ്‌സായിരുന്ന സാലി അടുത്തകാലത്താണ് നാട്ടിലെത്തിയത്. ചെറുവാണ്ടൂരിൽ വീടിനോട് ചേർന്ന് സ്റ്റേഷനറിക്കട നടത്തുകയാണ് സാലി. ഭർത്താവ് ജോയിക്ക് കറുകച്ചാലിൽ സ്‌റ്റേഷനറിക്കടയുണ്ട്.
ദത്തെടുത്ത കുഞ്ഞിനെ സുഹൃത്തുക്കളുടെ വീടുകളിൽ കാണിക്കാൻ കൊണ്ടുപോകാൻ ഇറങ്ങിയതായിരുന്നു സാലി. ഇതിനിടെയാണ് ചെറുവാണ്ടൂർ ജങ്ഷനിലെ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ മണർകാട് ഭാഗത്തുനിന്ന് എത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്.
സാലിയുടെ കൈയ്യിലിരുന്ന കുട്ടി ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡരികിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും സാലി മരിച്ചിരുന്നു. അപകടമുണ്ടാക്കിയ കാർ അമിതവേഗത്തിൽ നിർത്താതെപോയി. ഈ കാറിന്റെ എതിർദിശയിൽനിന്നുമെത്തിയ കാർ ലൈറ്റ് ഡിം ചെയ്യാതിരുന്നതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപംതന്നെ ഒരുവർഷംമുമ്പ് വഴിയാത്രക്കാരെ കാറിടിച്ചുവീഴ്ത്തിയും അപകടമുണ്ടായിരുന്നു. അന്ന് അമ്മക്കും രണ്ട് പെൺമക്കൾക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.