കോടതി വരാന്തയില്‍ പരസ്പരം ഏറ്റുമുട്ടി പോലീസും അഭിഭാഷകനും; പോലീസുകാരനെ താക്കോല്‍കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു, സംഭവം കൊയിലാണ്ടിയില്‍

കോഴിക്കോട്: കോടതി വരാന്തയില്‍ വച്ച് പോലീസുകാരനും അഭിഭാഷകനും തമ്മില്‍ ഏറ്റുമുട്ടി. പോലീസുകാരനെ അഭിഭാഷകന്‍ താക്കോല്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കൊയിലാണ്ടി കോടതി വരാന്തയിലാണ് സംഭവം.

എലത്തൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിഷിനാണ് പരിക്കേറ്റത്.
കൊയിലാണ്ടി സ്വദേശിയായ അഭിഭാഷകന്‍ മഹേഷാണ് രഞ്ജിഷിനെ താക്കോല്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. രഞ്ജിഷിന്റെ കഴുത്തിലാണ് പരിക്ക്. സംഭവത്തില്‍ അഭിഭാഷകനായ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേസ് ആവശ്യത്തിനായി കൊയിലാണ്ടി കോടതിയില്‍ എത്തിയതായിരുന്നു രഞ്ജിഷ്. മദ്യപിച്ചെത്തിയ മഹേഷ് കയ്യില്‍ കരുതിയിരുന്ന കാറിന്റെ താക്കോല്‍ ഉപയോഗിച്ച് രന്‍ജിഷിനെ കുത്തി. കോടതി വരാന്തയില്‍ ഉണ്ടായിരുന്നവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പലവട്ടം ഇയാള്‍ താക്കോല്‍ കൊണ്ട് പരിക്കേല്‍പ്പിച്ചു.

കൊയിലാണ്ടി കോടതിയിലെ ഒരു കേസില്‍ ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെടുത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് പറയുന്നു. ഔദ്യോഗിക ജോലി തടസപ്പെടുത്തിയതിനും അപായപ്പെടുത്താന്‍ ശ്രമിച്ചതിനും മഹേഷിനെതിരെ കൊയിലാണ്ടി പോലീസ് കേസ് എടുത്തിട്ടുണ്ട്.

Exit mobile version