കൊച്ചി: ബിപിസിഎല്‍ പ്ലാന്റ് ഉള്‍പ്പടെ അഞ്ച് വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. അമ്പലമുകള്‍ ബിപിസിഎല്ലില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അവസരമാക്കി മുന്നേറാന്‍ കേരളത്തിലെ സംരംഭകരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വികസനത്തിന്റെ ആഘോഷമാണ് കൊച്ചിയില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശനാണ്യത്തില്‍ മാത്രമല്ല ആയിരങ്ങള്‍ക്കു ജോലി ലഭിക്കുന്നതിലും പദ്ധതികള്‍ സഹായിക്കുമെന്നും പറഞ്ഞു. 6100 കോടി രൂപയുടെ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നമസ്‌കാരം കൊച്ചി, നമസ്‌കാരം കേരളം എന്നു പറഞ്ഞുകൊണ്ടാണ് മോഡി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ടൂറിസം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് ഗുണകരമായ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന് പദ്ധതികളാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി യുവ സംരംഭകരോട് പറഞ്ഞു. ആഗോള ടൂറിസം റാങ്കിംഗില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ അറുപതില്‍ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് ടൂറിസം മേഖലയില്‍ ഇനിയും നമുക്ക് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും’ പ്രധാനമന്ത്രി പറഞ്ഞു. ‘സാഗരിക’ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.