പാല: യുഡിഎഫിലേക്ക് ചേക്കേറി മാണി സി കാപ്പന്‍. എന്‍സിപിയില്‍ നിന്ന് രാജിവെച്ച മാണി സി കാപ്പന്‍ ഞായറാഴ്ച യുഡിഎഫ് വേദിയിലെത്തിയിരുന്നു. കാപ്പനെ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എംഎം ഹസന്‍, പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അതേസമയം, മാണി സി കാപ്പനെ തള്ളി എന്‍സിപി അണികളും നേതാക്കളും രംഗത്തെത്തി. 13 ജില്ലാ പ്രസിഡന്റുമാരും ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും പരസ്യമായി തള്ളിപ്പറഞ്ഞു. കാപ്പന്റെ നോമിനിയായി ചുമതലയേറ്റ കോട്ടയം ജില്ലാ പ്രസിഡന്റ് മാത്രമാണ് ഒപ്പമുള്ളത്. കോട്ടയത്തെ മറ്റ് നേതാക്കള്‍ ഒപ്പമില്ല.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനും മന്ത്രി എ കെ ശശീന്ദ്രനും മാണി സി കാപ്പന്റെ നിലപാടിനെ തള്ളി. കാപ്പന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും ഒരു വ്യക്തിക്ക് പിറകെ പോകുന്നതല്ല പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ്പവാറിന്റെ നിലപാടെന്നും പീതാംബരന്‍ വ്യക്തമാക്കി.
പാലായില്‍ എന്‍സിപി പ്രവര്‍ത്തകര്‍ കാപ്പന്റെ രാഷ്ട്രീയ വഞ്ചനയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. കോട്ടയം ജില്ലയിലെ എന്‍സിപി എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ ആനന്ദക്കുട്ടന്‍ പറഞ്ഞു. ജില്ലയിലെ ഒമ്പത് മണ്ഡലം കമ്മിറ്റികളും എല്‍ഡിഎഫില്‍ തുടരും
ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്കെന്നും മാണി സി കാപ്പന്‍ വിശേഷിപ്പിച്ചു.
പിണറായി വിജയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് സിനിമ കാണണം. ജോസ് കെ മാണിയെ എല്‍.ഡി.എഫ് സന്തോഷത്തോടെ സ്വീകരിച്ചു. അതോടെ അവരുടെ കഷ്ടകാലം തുടങ്ങിയെന്ന് കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലായിരുന്നു കാപ്പന്റെ രസകരമായ പരാമര്‍ശം.
അനുയായികളോടൊപ്പം ജാഥയായാണ് ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക് മാണി സി കാപ്പന്‍ എത്തിയത്. തന്നെ ഇത്രയും കാലം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും നന്ദി പറയുന്നതായി മാണി സി കാപ്പന്‍ ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ പറഞ്ഞു.
പാലായുടെ വികസനത്തിന് ഒപ്പം നിന്ന പിണറായി വിജയന് നന്ദി രേഖപ്പെടുത്തിയാണ് മാണി സി കാപ്പന്‍ പ്രസംഗം തുടങ്ങിയത്. കെ എം മാണിക്കെതിരെ മത്സരിക്കാന്‍ ആരുമില്ലാതിരുന്ന കാലത്താണ് ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച് തുടങ്ങിയത്. വോട്ട് വ്യത്യാസം ഓരോ തവണയും കുറച്ച് കുറച്ച് വന്നാണ് പാലായില്‍ ജയിച്ച് കയറിയത്.
ഇടതുമുന്നണിക്ക് പ്രിയപ്പെട്ടവനായിരുന്നു, പിണറായിയുടെ അടുത്ത ആളായിരുന്നു. പാലാ കൊടുക്കാം എന്ന് വാദ്ഗാനം ചെയ്താണ് ജോസ് കെ മാണിയെ ഇടതുമുന്നണിയിലെത്തിച്ചതോടെ ജോസ് കെ മാണി പാലായില്‍ പ്രവര്‍ത്തനം തുടങ്ങി. പാലാ കേരള കോണ്‍ഗ്രസിന്റെ വത്തിക്കാന്‍ എന്ന് ജോസ് കെ മാണി പറഞ്ഞു.
Discussion about this post