‘എനിക്ക് പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കും’ ഇത് മേജര്‍ രവിയുടെ വാക്കുകളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മേജര്‍ രവിയുടെ പുതിയ പ്രതികരണം.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. മറ്റൊന്നും തീരുമാനമായിട്ടില്ല. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും, ഭാവിയില്‍ തനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍ ശമ്പളമായി 1 രൂപ മാത്രമാകും എടുക്കുക എന്നും, ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കുമെന്നും മേജര്‍ രവി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അഴിമതിയില്ലാതെ എന്റെ ജനങ്ങളെ സേവിക്കണമെന്ന എന്റെ ഡിമാന്‍ഡ് അംഗീകരിക്കുന്ന ഒരു പാര്‍ട്ടിക്കായി കാത്തിരിക്കുകയാണ്. ഉടന്‍ തന്നെ തീരുമാനം നിങ്ങളെയെല്ലാവരെയും അറിയിക്കും. പ്രചരണങ്ങളില്‍ വീഴരുത്.
അതെ, ഞാന്‍ കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുത്തു, അത്ര മാത്രമാണുണ്ടായത്. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും ഞാന്‍ പ്രവര്‍ത്തിക്കുക. ഭാവിയില്‍ എനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍, ശമ്പളമായി 1 രൂപ മാത്രമാകും ഞാന്‍ എടുക്കുക. ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കും’,