തിരുവനന്തപുരം: എൻസിപി ദേശീയനേതൃത്വം ഇടതുപക്ഷത്തോടൊപ്പം ആണെന്ന് അറിയിച്ചതോടെ പുതിയ പാർട്ടി നാളെ പ്രഖ്യാപിക്കുമെന്ന് എൻസിപി എംഎൽഎ മാണി സി കാപ്പൻ. പാലായിലെ എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്നും എൻസിപി ഇടതു മുന്നണിയിൽ തന്നെ തുടരുമെന്നും കാപ്പൻ അറിയിച്ചു. യുഡിഎഫിനോട് മൂന്നുസീറ്റുകളാണ് മാണി സി കാപ്പന്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണിയിൽ പാർട്ടി അവഹേളിക്കപ്പെട്ടു. കൂടുതൽ നേതാക്കൾ ഒപ്പമുണ്ടാകും. വാ പോയ കോടാലിയാണ് എംഎം മണിയെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ നേതൃത്വം ഇടതു മുന്നണിക്കൊപ്പമാണെന്ന് ഇന്നലെ രാത്രി അറിയിച്ചുവെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന് അറിയിച്ചത്. പാലാ സീറ്റ് തർക്കത്തെ തുടർന്നാണ് മാണി സി കാപ്പന്റെ പിന്മാറ്റം. ഐശ്വര്യ കേരള യാത്ര പാലായിലെത്തുമ്പോൾ മാണി സി കാപ്പൻ യുഡിഎഫിൽ ചേരും.
‘എംഎൽഎ സ്ഥാനം രാജിവെക്കില്ല. കൂടുതൽ നേതാക്കൾ ഒപ്പമുണ്ടാകും, തന്നോടൊപ്പം പോരുന്നവരും പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കും. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങൾക്കറിയാം. പാർട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവർ എൻസിപിയിൽ തന്നെയുണ്ട്. മന്ത്രി എംഎം മണി വാ പോയ കോടാലിയാണ്. അദ്ദേഹത്തിന്റെ പരാമർശത്തോട് പ്രതികരിക്കാനില്ല.’- മാണി സി കാപ്പൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.