മലപ്പുറം: ഹിന്ദുമതം ഉപേക്ഷിച്ച് പുതിയ മതമുണ്ടാക്കുന്നെന്ന് പ്രഖ്യാപിച്ച് ദലിത് തന്ത്രി ബിജു നാരായണ ശര്‍മ്മ. ആദിമാര്‍ഗ മലവാരമെന്ന പുതിയ മതമുണ്ടാക്കിയെന്ന് ബിജു നാരായണ ശര്‍മ്മ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹിന്ദുത്വം ബ്രാഹ്മണ മേധാവിത്വമാണെന്നും സവര്‍ണര്‍ക്കാണ് പ്രാധാന്യമെന്നും അതിനാലാണ് ആദിമാര്‍ഗ മലവാരമെന്ന പുതിയ മതമുണ്ടാക്കിയതെന്നും ബിജു നാരായണ ശര്‍മ്മ പറഞ്ഞു. 50ഓളം കുടുംബങ്ങളെ ചേര്‍ത്ത് ഞായറാഴ്ച (ഫെബ്രുവരി 14ന്) വൈകീട്ട് മേലാറ്റൂരിലെ മാതൃക്കുളം ധര്‍മ രക്ഷാ ആശ്രമത്തില്‍ പുതിയ ആശയത്തിന് തുടക്കമാകും.
2013ല്‍ കേരളത്തിലെ ആദ്യത്തെ ദലിത് വിഭാഗത്തില്‍ നിന്നുമുളള തന്ത്രിവര്യനായി പ്രഖ്യാപിച്ചിരുന്നത് തന്നെയാണെന്നും ഇദ്ദേഹം അവകാശപ്പെട്ടു. പൂര്‍വികര്‍ പിന്‍പറ്റിയ ആചാര വിശ്വാസങ്ങള്‍ക്കൊപ്പം കാലോചിതമായ ജീവിത നിയമങ്ങള്‍ കൂടി ചേര്‍ത്ത് നല്ല പഠിപ്പ് എന്ന വേദഗ്രന്ഥവും തയ്യാറാക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ആശ്രമം പ്രസിഡന്റ് അമൃത, വൈസ് പ്രസിഡന്റ് റിജുരാജ്, രൂപേഷ് എന്നിവരും സംബന്ധിച്ചു.
2017ല്‍ ബിജു നാരായണ ശര്‍മ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ദളിത് പൂജാരിമാരെ സംഘടിപ്പിച്ച് ചാണ്ഡിക യാഗം നടത്താന്‍ തീരുമാനിച്ചിരിക്കെയായിരുന്നു ഇദ്ദേഹത്തിന് വെട്ടേറ്റത്.
Discussion about this post