മലപ്പുറം: ഇസ്ലാം മതം സ്വീകരിച്ച് തങ്ങൾക്ക് താൽപര്യമില്ലാത്ത വിവാഹം ചെയ്തതിന് പിന്നാലെ അകന്ന മാതാപിതാക്കൾ മകൾ ഡോ. ഹാദിയയെ കാണാനെത്തി. വർഷങ്ങൾക്ക് ശേഷമാണ് ഹാദിയയെ കാണാൻ മാതാപിതാക്കളെത്തിയത്. ഇസ്‌ലാം മതം സ്വീകരിച്ച് ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ ഹാദിയയുമായി അകന്നത്.
ബിഎച്ച്എംഎസ് പഠനം പൂർത്തിയാക്കി ഹാദിയ ആരംഭിച്ച ഒതുക്കുങ്ങലിലെ ഹോമിയോ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്. പഠനത്തിനിടെയാണ് ഹാദിയ ഇസ്‌ലാം സ്വീകരിച്ചതും ഷെഫിൻ ജഹാനെ വിവാഹം കഴിച്ചതും.
വിവാഹത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി ഹാദിയയെ മാതാപിതാക്കളായ അശോകനും ഹാദിയയ്ക്കും ഒപ്പം വിട്ടിരുന്നു. ഇതോടെ നിയമപോരാട്ടം ആരംഭിച്ച ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചാണ് ഹാദിയ ഭാര്യയാണെന്ന് തെളിയിച്ചത്. ഏറെ നാൾ നീണ്ട നിയമപോരാട്ടം വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. നിയമപോരാട്ടത്തിന് ഒടുവിൽ ഹാദിയയോട് പഠനം തുടരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഹാദിയ ഷെഫിനെ നിയമപരമായി വിവാഹം ചെയ്തത്.
പഠനം പൂർത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലിൽ ഡോക്ടർ ഹാദിയ ക്ലിനിക്ക് എന്ന പേരിൽ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടിൽ സൈന്യത്തിൽ നിന്നും വിരമിച്ച കെഎം അശോകന്റെയും പൊന്നമ്മയുടേയും മകൾ അഖിലയാണ് ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായത്.