കോഴിക്കോട്: രോഗിയായ കുഞ്ഞിന്റെ ചികിത്സയ്ക്ക് സാമൂഹിക മാദ്ധ്യമങ്ങളിലുടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയില്‍ ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു.
വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്യുടെയും ആരതിയുടെയും പരാതിയിലാണ് കേസെടുത്തത്. അതേസമയം, പരാതി അടിസ്ഥാനരഹിതമെന്നാണ് ഫിറോസ് പറഞ്ഞു.
മാനന്തവാടി സ്വദേശിയായ സഞ്ജയ്യുടെയും ആരതിയുടെയും കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് വലിപ്പ കുറവായിരുന്നു. ഇത് പരിഹരിക്കാനെന്നോണം കുഞ്ഞിന്റെ ദുരിത ജീവിതം പകര്‍ത്തി ഫിറോസ് കുന്നംപറമ്പില്‍ സമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.
തുടര്‍ന്ന് സഞ്ജയ്യുടെയും ഫിറോസ് നിര്‍ദ്ദേശിച്ച മറ്റൊരാളുടെയും പേരില്‍ അക്കൗണ്ടും തുറന്നു. എന്നാല്‍ ഈ അക്കൗണ്ടിലേക്കെത്തിയ പണം ഫിറോസ് നിര്‍ബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങി തട്ടിയെടുത്തെന്നാണ് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. കുട്ടിയുടെ ചികിത്സക്കുള്ള തുകപോലും ഫിറോസ് നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ കുട്ടിയുടെ ചികിത്സക്കുള്ള പണം നല്‍കിയിട്ടുണ്ടെന്നാണ് ഫിറോസ് പറയുന്നത്. ബാക്കി വരുന്ന പണം രോഗികളായ മറ്റുള്ളവര്‍ക്ക് നല്‍കാമെന്ന് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ധാരണപ്രകാരം തുക മറ്റ് രോഗികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഫിറോസ് വിശദീകരിക്കുന്നു. അതേസമയം മാതാപിതാക്കളുടെ പരാതിയില്‍ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Discussion about this post