ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ വാഹനം നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് 12000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയില്‍ വാഹനം നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 12 പേര്‍ക്കാണ് പിഴ ഈടാക്കിയത്. നോപാര്‍ക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നു.
കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തില്‍ നിയമം ലംഘിച്ച 12 വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ടൗണ്‍ സ്പെഷ്യല്‍ സ്‌ക്വാഡ് കേസ് എടുത്തു. ഇവരില്‍ നിന്ന് 12,000 രൂപ പിഴ ഇടാക്കി ഇ- ചെലാന്‍ വാഹന ഉടമകള്‍ക്ക് നല്‍കി.
ബൈപ്പാസ് ഉദ്ഘാടനത്തിനുശേഷം ഇതുവഴി പോകുന്നവര്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നത് പതിവായിരുന്നു. എന്നാല്‍ എലിവേറ്റഡ് ഹൈവേയില്‍ മിക്കയിടത്തും നോ പാര്‍ക്കിങ് ബോര്‍ഡ് വെച്ചിട്ടുണ്ട്. ഇതു ലംഘിച്ചുകൊണ്ടാണ് വാഹനങ്ങള്‍ വശങ്ങളില്‍ നിര്‍ത്തി സെല്‍ഫി എടുക്കുന്നത്. ഇവിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന അടിക്കടി ഉണ്ടാകാറുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ ടൗണ്‍ സ്പെഷ്യല്‍ സ്‌ക്വാഡാണ് ബൈപ്പാസില്‍ സ്ഥിരമായി പരിശോധന നടത്തുന്നത്.
അതേസമയം ബൈപ്പാസില്‍ നിയമലംഘനം നടത്തി ഒരിക്കല്‍ പിടിക്കപ്പെട്ടവര്‍ കുറ്റം ആവര്‍ത്തിച്ചാല്‍ ഇ ചെലാന്‍ പരിശോധിച്ച് അവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ടൗണ്‍ സ്പെഷ്യല്‍ സ്‌ക്വാഡ് എംവി ജിംസണ്‍ സേവ്യര്‍ പോള്‍ അറിയിച്ചു.
അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നത്. ജനുവരി 28-ാം തീയതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസ് നാടിന് സമര്‍പ്പിച്ചത്.
6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആലപ്പുഴ ബൈപ്പാസിന്. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന ആദ്യത്തെ മേല്‍പ്പാലം.