എഴുകോൺ: റോഡിൽ നിന്നും വീണു കിട്ടിയ തുക ഉടമസ്ഥനെ കണ്ടുപിടിച്ച് ഏൽപ്പിക്കാൻ മനസുകാണിച്ച യുവാവിന് അഭിനന്ദന പ്രവാഹം. കളഞ്ഞു കിട്ടിയ 1.99 ലക്ഷം രൂപയാണ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവാവ് മാതൃകയായത്. കടയ്‌ക്കോട് അനുമന്ദിരത്തിൽ അനിക്കുട്ടൻ (28) ആണ് സത്യസന്ധതയുടെ തന്നെ പര്യായമായി മാറിയത്.
പണത്തേക്കാൾ മൂല്യമുണ്ട് നന്മയ്ക്ക് എന്ന് അനിക്കുട്ടൻ തെളിയിച്ച സംഭവങ്ങളുടെ തുടക്കം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു. ചീരങ്കാവിലെ പെട്രോൾ പമ്പിനു സമീപത്ത് റോഡരികിൽ നിന്നാണ് അനിക്കുട്ടന് നോട്ടുകെട്ട് കിട്ടിയത്. പണം എണ്ണി നോക്കാൻ പോലും നിൽക്കാതെ യുവാവ് നേരെ എഴുകോൺ പോലീസ് സ്റ്റേഷനിലെത്തി തുക കൈമാറി മടങ്ങുകയായിരുന്നു. തുടർന്ന് ഏറെ സമയത്തിന് ശേഷം സിവിൽ കോൺട്രാക്ടർ കുഴിയം ചെമ്മക്കാട് മിന്നാരത്തിൽ എസ് ശിവപ്രസാദ് (48) തന്റെ പണം കളഞ്ഞുപോയെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഉടമയം കണ്ടുകിട്ടിയത്.
കൊട്ടാരക്കര ബാങ്കിൽ നിന്ന് പിൻവലിച്ച തുകയുമായി വീട്ടിലേക്ക് മടങ്ങവേയാണ് ശിവപ്രസാദിന്റെ കൈയ്യിൽ നിന്നും പണം നഷ്ടപ്പെട്ടത്. ശിവപ്രസാദ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോഴാണ് പണം സ്റ്റേഷനിൽ ഏൽപിച്ച വിവരം അറിയുന്നത്. തുടർന്ന് പോലീസ് വിവരം അറിയിച്ചത് അനുസരിച്ച് അനിക്കുട്ടൻ സ്റ്റേഷനിലെത്തി പണം ശിവപ്രസാദിന് നേരിട്ട് കൈമാറി. എസ്‌ഐ എംആർ രാകേഷ്‌കുമാർ, അഡീഷനൽ എസ്‌ഐ അനിൽകുമാർ, സിപിഒ വിഎസ് ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്