വണ്ടൂർ: പള്ളി കുളത്തിൽ മുങ്ങിപ്പോയ കുഞ്ഞിനെ തക്കസമയത്ത് എത്തി രക്ഷിച്ച് പിതൃസഹോദരനും നാട്ടുകാരും. ചാത്തങ്ങോട്ടുപുറം എരഞ്ഞിക്കുന്ന് കുളത്തിൽ വീണ രണ്ടര വയസ്സുകാരനെയാണ് കളിക്കൂട്ടുകാരന്റെ കരുതലിൽ നാട്ടുകാർ രക്ഷിച്ചത്. കുഞ്ഞിനെ വെള്ളത്തിൽ നിന്നും മുങ്ങിയെടുത്ത് പിതൃസഹോദരനും ആശുപത്രിയിലെത്തിച്ചും പ്രാഥമിക ചികിത്സ നൽകിയും നാട്ടുകാരും ഒപ്പം നിന്നതോടെ അപകടമൊന്നും സംഭവിക്കാതെ കുഞ്ഞിനെ തിരിച്ചുപിടിക്കാനായി.
എരഞ്ഞികുന്നിലെ ചാത്തങ്ങോട്ടുപുറം പഴയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കരുമാരോട്ടിൽ അബ്ദുൽ ഹമീദ്-അനീസ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായ അഫ്ഷിനാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. വീട്ടുകാരറിയാതെ രണ്ടര വയസ്സുകാരനായ അഫ്ഷിനും സമപ്രായക്കാരനും അബ്ദുൽ ഹമീദിന്റെ സഹോദര പുത്രനുമായ മുഹമ്മദ് അഹ്‌സനും ചേർന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങി പോവുകയും 40 മീറ്റർ അകലെയുള്ള പള്ളിക്കുളത്തിൽ എത്തുകയുമായിരുന്നു.
കുളത്തിന്റെ പടവുകൾ ഇറങ്ങി അഷ്ഫിൻ നടന്നതോടെ മുഹമ്മദ് അഹ്‌സൻ പരിഭ്രാന്തനായി വീട്ടിലേക്ക് തിരിച്ചെത്തിയതാണ് കുഞ്ഞ് വെള്ളത്തിൽ വീണത് അറിയാൻ തുണയായത്. കൂട്ടുകാരനെവിടെ എന്ന് തിരക്കിയപ്പോൾ കുളത്തിലാണെന്നും പറഞ്ഞു. ഈ സമയത്ത് പിതൃസഹോദരനായ ഇസ്മായിൽ കുളത്തിലേക്ക് എത്തിയപ്പോഴാണ് കുഞ്ഞ് വെള്ളത്തിൽ താഴുന്നത് കണ്ടത്. കുട്ടിയെ രക്ഷിക്കുമ്പോൾ ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു.
ഈ സമയത്ത് പ്രദേശത്തെത്തിയ അയൽവാസികളായ കോഴിക്കോടൻ നിഷാദ്, വിളയപൊയിലൻ ഷിഹാബ് എന്നിവരും അതുവഴി ജോലിക്ക് പോവുകയായിരുന്ന പോരൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായ തെക്കൻ ജുനൈദും പ്രഥമ ശുശ്രൂഷ നൽകി കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ചലനമറ്റ നിലയിലായിരുന്ന കുട്ടിക്ക് കൃത്രിമശ്വാസം നൽകി ജുനൈദിന്റെ ബൈക്കിലാണ് വണ്ടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്ത കുട്ടിയെ മികച്ച ചികിത്സക്ക് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ഒരുദിവസത്തെ നിരീക്ഷണത്തിനുശേഷം വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു.