കൊച്ചി: ആര്‍എസ്എസിലെ 70 ശതമാനം ആളുകളും ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരായിരുന്നുവെന്ന് അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്മാന് സ് കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തല്‍. സുപ്രീം കോടതി വിധിക്ക് പിന്നാലെ ആര്‍എസ്എസില്‍ അഭിപ്രായ വ്യത്യാസമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഉള്‍പ്പടെയുള്ളവര്‍ നിലപാട് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. ആര്‍എസ്എസിലെ 70 പേര് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. 30 ശതമാനം പേര് മാത്രമാണ് സ്ത്രീകള്‍ കയറരുത് എന്ന നിലപാട് എടുത്തത്. പന്തളത്തെ നാമജപഘോഷയാത്രയ്ക്ക് ലഭിച്ച പിന്തുണ കണ്ട് ആര്‍എസ്എസ് നിലപാട് മാറ്റിയതാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് നിലപാട് തന്നെയായിരുന്നു ബിജെപിക്കും. ഇപ്പോഴത്തെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഒരു വര്‍ഷം മുന്‍പ് യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്നു. സുരേന്ദ്രന് പിന്നീട് നിലപാട് മാറ്റുകയായിരുന്നെന്നും ബിജെപി പത്തനംതിട്ട മുന്‍ ജില്ലാ കമ്മിറ്റിയംഗം കൂടിയായ കൃഷ്ണകുമാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാര്‍ അടക്കം 30ഓളം പേര് സിപിഎമ്മില്‍ അംഗത്വം സ്വീകരിച്ചത്.
കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ;
”ഭരണഘടനാ ബഞ്ചിലിരിക്കുന്ന വിഷയത്തെ രാഷ്ട്രീയആയുധമായി വീണ്ടും വിശ്വാസികളെ കച്ചവടം ചെയ്യാനുള്ള സമീപനമാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. അതില്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി കൊടുക്കാനിരിക്കുകയാണ് ഞാന്‍. പന്തളം കൊട്ടാരത്തിലെ ഓരോ കുടുംബവുമായി എനിക്ക് ആത്മബന്ധമുണ്ട്. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ല. ഒരു സംശയവും അക്കാര്യത്തില്‍ വേണ്ട. ഇന്നലെ ഞാന്‍ കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുമായി സംസാരിച്ചിരുന്നു. ഞാനെന്റെ നിലപാടുകള്‍ പറഞ്ഞു. അനുഗ്രഹം തേടി. പന്തളം കൊട്ടാരം എനിക്കൊപ്പമാണ്. പന്തളം കൊട്ടാരം സിപിഐഎമ്മിനൊപ്പമുണ്ടാകും.
സിപിഎമ്മിനെ വളര്‍ത്താന്‍ വളരെ പങ്കുവഹിച്ചവരാണ് പന്തളം കൊട്ടാരം. അവര്‍ക്ക് എങ്ങനെ സിപിഐഎമ്മിനെ ഒഴിവാക്കാന്‍ പറ്റും. പന്തളം കൊട്ടാരത്തെ വേദനിപ്പിച്ച ഒരു വിഷയമുണ്ട്. വിശ്വാസികളെ സംരക്ഷിക്കാന്‍ ആവശ്യമായ പോരാട്ടങ്ങളില്‍ അവര്‍ക്ക് പങ്കാളിയായേ പറ്റൂ. അതുകൊണ്ട് അവരുടെ കമ്യൂണിസ്റ്റ് ചിന്താഗതിക്ക് മാറ്റം സംഭവിക്കുമോ. ശബരിമല സമരഭൂമിയാക്കാന്‍ പാടില്ലെന്ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മറികടന്നാണ് കെ സുരേന്ദ്രന് കാട്ടില്‍ കൂടി ശബരിമലയിലെത്തിത്.
ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നല്കിയ സത്യവാങ്മൂലത്തില്‍ തെറ്റില്ല. യുഡിഎഫും ബിജെപിയും ശബരിമലയെ രാഷ്ട്രീയ വിഷയമാക്കാതിരുന്നാല്‍ ഇവിടെ ഒരു പ്രശ്നവുമുണ്ടാകില്ല. ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമലയ്ക്ക് എതിരാണെന്ന് പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ലെന്നും അത് ശരിയല്ല. ബിജെപിയുടെ വലിയ പ്രശ്നം, ഞാനും വിളക്കും എന്ന മനോഭാവമാണ്. ബാക്കിയുള്ളവര്‍ വിറകുവെട്ടുകാരും വെള്ളംകോരികളുമാണെന്നാണ് അവരുടെ കരുതല്‍. അവരങ്ങനെ മാറിയിരിക്കുന്നു.” ഇതാണ് കേരളത്തിലെ ബിജെപി ഇപ്പോഴനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം.
Discussion about this post