തിരുവനന്തപുരം: സംവിധായകന് മേജര്‍ രവി കോണ്‍ഗ്രസില്‍ പ്രവേശിച്ചതില്‍ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു മേജര്‍ രവി കോണ്‍ഗ്രസ് അനുഭാവം പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് സന്ദീപ് വാര്യരുടെയും പ്രതികരണം.
മേജര്‍ രവി ബിജെപിയില്‍ അംഗമായിരുന്നില്ലെന്നും അദ്ദേഹത്തെ വിമുക്ത ഭടന്‍ എന്ന നിലയില്‍ മാത്രമാണ് പരിഗണിച്ചിരുന്നതെന്നും സന്ദീപ് വാര്യര്‍ പറയുന്നു. വെള്ളിയാഴ്ച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തിയിരുന്നു.
ബിജെപി സഹയാത്രികനായാണ് മേജര്‍ രവി അറിയപ്പെട്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് കേരളത്തിലെ ബിജെപിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവും മേജര്‍ രവി നടത്തിയിരുന്നു. സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും മേജര്‍ രവി പറഞ്ഞിരുന്നു.