തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ യാതൊരു ഇളവുകളും നൽകില്ലെന്ന് തുറന്ന് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്ന് തവണ മത്സരിച്ചവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന് കാനം പ്രതികരിച്ചു. സ്ഥാനാർത്ഥി മാനദണ്ഡത്തിൽ ഇളവുണ്ടാകില്ലെന്നും ആരെയും മാറ്റി നിർത്താനല്ല ഈ തീരുമാനമെന്നും കാനം രാജേന്ദ്രൻ വിശദീകരിച്ചു. അതേസമയം, എൻസിപി ഇടതുമുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തിൽ എൻസിപി നേതൃത്വം അന്തിമ തീരുമാനം അറിയിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥികളായി പുതുമുഖങ്ങൾക്ക് അവസരം നൽകും. സംഘടനാ ചുമതലയുള്ളവർ മത്സരിച്ചാൽ പാർട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാൽ തന്നെ ആപേക്ഷികമായ കാര്യങ്ങൾ സ്ഥാനാർത്ഥി നിർണയ തീരുമാനത്തിന് ബാധകമല്ലെന്നും കാനം പറഞ്ഞു.
കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റിൽ ഇത്തവണ മത്സരിക്കാൻ കഴിയില്ല. പുതിയ കക്ഷികളെത്തി മുന്നണി വിപുലപ്പെടുത്തുമ്പോൾ സീറ്റുകൾ കുറയും. ഇത് സർവസാധാരണമാണ്. സീറ്റ് നൽകുന്നത് സംബന്ധിച്ച കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.
Discussion about this post