നിലമ്പൂർ: മമ്പാട് കുഞ്ഞുങ്ങളെ ഭക്ഷണവും വെള്ളവും നൽകാതെ അച്ഛനും രണ്ടാനമ്മയും പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് മനസാക്ഷിയുള്ള ഓരോരുത്തരും കേട്ടത്. പോഷകക്കുറവും ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്ന കുഞ്ഞുങ്ങളെ ജില്ലാകളക്ടർ ഉൾപ്പടെയുള്ളവർ സന്ദർശിക്കുകയും ആശുപത്രിയിൽ മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്തിരിക്കുകയാണ്. ആദ്യമൊക്കെ ചുറ്റും കൂടി നിൽക്കുന്നവരെ അൽപ്പം ഭയപ്പാടോടെ വീക്ഷിച്ച കുഞ്ഞുങ്ങൾ പതിയെ എല്ലാവരോടും പൊരുത്തപ്പെടുകയായിരുന്നു.
തമിഴ്മാത്രമറിയുന്ന കുട്ടികൾക്ക് മലയാളത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനാകതെ വന്നപ്പോൾ ‘ഭയപ്പെടാതെ ശൊല്ല്, ഉങ്കൾക്ക് ഞാനിരിക്കാ’- എന്ന ആശ്വാസ വാക്കുകളോടെ കളക്ടർ കെ ഗോപാലകൃഷ്ണൻ തന്നെ രംഗത്തെത്തുകയായിരുന്നു. തമിഴ്‌നാട്ടുകാരായ പിതാവും രണ്ടാനമ്മയും ചേർന്ന് പൂട്ടിയിട്ടതിനെത്തുടർന്നാണ് കുട്ടികൾ തീർത്തും അവശരായത്. പിന്നീട് നാട്ടുകാർ ഇടപെട്ട് മോചിപ്പിച്ച അഞ്ചും മൂന്നും വയസ്സുള്ള ആ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭയപ്പെട്ട കുട്ടികളുടെ തലയിൽ കൈവച്ച് ആശ്വസിപ്പിച്ചായിരുന്നു മലപ്പുറം കളക്ടറും തമിഴ്‌നാട് സ്വദേശിയുമായ കെ ഗോപാലകൃഷ്ണന്റെ തമിഴിലുള്ള വാക്കുകൾ.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കുട്ടികൾ കാര്യമായി പ്രതികരിക്കാതെ വന്നപ്പോഴാണ് കളക്ടർ തമിഴിൽ സംസാരിച്ചത്. ‘പാപ്പാവെ, പേര് എന്നാ’ എന്നു ചോദിച്ചായിരുന്നു തുടക്കം. ഊര് ചോദിച്ചപ്പോൾ ‘തെരിയാത്’ എന്നുത്തരം. ‘അമ്മാ അടിച്ചിങ്കലാ, അപ്പാ അടിച്ചിങ്കലാ?’ എന്ന ചോദ്യങ്ങൾക്ക് അതേയെന്ന അർത്ഥത്തിൽ കുട്ടികൾ തലയാട്ടി.
കുട്ടികൾക്ക് പഴങ്ങളും ബിസ്‌കറ്റും സമ്മാനിച്ചാണ് കളക്ടർ മടങ്ങിയത്. മടങ്ങാൻ നേരം ഇനി എന്തു വേണം എന്ന് ചോദിച്ചപ്പോൾ ബിരിയാണി, പൊറോട്ട എന്ന് മറുപടി പറഞ്ഞതോടെ ഉച്ചയ്ക്ക് ബിരിയാണി നൽകാനും അദ്ദേഹം ഏർപ്പാട് ചെയ്തു. കൂടുതൽ പരിചരണത്തിന് കളക്ടറുടെ അനുമതിയോടെ കുട്ടികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കുട്ടികളെ പൂട്ടിയിട്ടെന്ന കേസിൽ ദമ്പതികളെ പോലീസ് റിമാൻഡ് ചെയ്തു. മമ്പാട്ടെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ദമ്പതികളാണ് കുട്ടികളെ പൂട്ടിയിട്ടത്. തമിഴ്‌നാട് കടലൂർ സ്വദേശിയായ 35കാരൻ, 28 വയസ്സുള്ള ഭാര്യ എന്നിവരെ കേസിൽ പോലീസ്് റിമാൻഡ് ചെയ്തു. ബാലനീതി നിയമ പ്രകാരവും കുട്ടികളെ തടവിൽ പാർപ്പിച്ചതിനും ആണ് കേസെടുത്തത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി കെജെ ദേവസ്യ പറഞ്ഞു.