മകളുടെ നിക്കാഹിനായുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനില്‍ മറന്നു വെച്ചു; തിരികെ നല്‍കി മുരളീധരന്‍, നന്ദി പറഞ്ഞ് മതിയാകാതെ നാദിര്‍ഷ

Nadirshah | Bignewslive

കോഴിക്കോട്: മകളുടെ നിക്കാഹിനായുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് ട്രെയിനില്‍ മറന്ന് വെച്ച നാദിര്‍ഷയ്ക്ക് റെയില്‍വേ ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ ആശ്വാസം. നിറപുഞ്ചിരിയോടെ ബാഗ് ഭദ്രമായി ഏല്‍പ്പിച്ച ഉദ്യോഗസ്ഥന്‍ മുരളീധരന് നാദിര്‍ഷയും കുടുംബവും കൂപ്പുകൈകളോടെ നന്ദി പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് മകള്‍ ഐഷയുടെ നിക്കാഹിനായി നാദിര്‍ഷായും കുടുംബവും മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട് എത്തിയത്. തീവണ്ടിയിറങ്ങിയതിനു ശേഷമാണ് കുടുംബം ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓര്‍മവന്നത്. അപ്പോഴേയ്ക്കും ട്രെയിന്‍ വിട്ടിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നാദിര്‍ഷാ വിവരം അറിയിച്ചു. എ-വണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്.

ആര്‍പിഎഫ് അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു. കാസര്‍കോടിനും കുമ്പളയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ 41-ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തുകയും ചെയ്തു.

ഈ സമയം കോച്ചില്‍ മറ്റാരും ഇല്ലായിരുന്നു. അതിനാല്‍ തന്നെ ബാഗും സുരക്ഷിതമായി തിരികെ ലഭിക്കുകയായിരുന്നു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറുകയും ചെയ്തു.

Exit mobile version