മംഗളൂരു: കോളേജിൽ ക്രൂരമായി ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു ഉള്ളാൾ പോലീസാണ് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അതേ കോളേജിലെ തന്നെ സീനിയർ വിദ്യാർത്ഥികളെ അറസ്റ്റുചെയ്തത്.
രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ അറസ്റ്റിലാവുന്നത്. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരാണ് അറസ്റ്റിലായത്.
കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 11 അംഗ മലയാളി വിദ്യാർത്ഥി സംഘം റാഗ് ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തൽ. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.
റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും ചേർന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്‌മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്‌മെന്റാണ് പോലീസിനെ വിവരമറിയിച്ചത്. 18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരെയാണ് കേസെടുത്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.
റാഗിങ്ങിനിരയായാൽ വിദ്യാർത്ഥികൾക്ക് അക്കാര്യം കോളേജ് അധികൃതരെ അറിയിക്കാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ടുവന്ന് പറയാമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.