പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നല്‍കിയ ധര്‍മസംരക്ഷണ സമിതി ചെയര്‍മാനും പ്രമുഖ ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറടക്കം ഉന്നത നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നു.
സംസ്ഥാന, ജില്ലാ, പ്രാദേശിക നേതൃത്വം നടത്തിയ ഗ്രൂപ്പ് കളിയില്‍ അസ്വസ്ഥരായിരുന്ന ഒരു വിഭാഗം നേതാക്കള്‍ പിന്നീട് മോഡിയുടെ കര്‍ഷക, ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബിഎംഎസ് മേഖലാ ജോ. സെക്രട്ടറി എംസി സദാശിവന്‍, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എംആര്‍ മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയകുമാര്‍ വാളാകോട്ട്, മുനിസിപ്പല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോര്‍ച്ച ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി ശ്രീലത എന്നിവരടക്കം മുപ്പതിലധികം നേതാക്കളും പ്രവര്‍ത്തകരുമാണ് ആദ്യഘട്ടത്തില്‍ ബിജെപിവിട്ട് വന്നത്.
ശബരിമല വിഷയത്തില്‍ പന്തളത്ത് നാമജപ ഘോഷയാത്ര നടത്തിയതിന് പിന്നിലെ ബുദ്ധിയും ആസൂത്രണവും എസ് കൃഷ്ണകുമാറിന്റേതായിരുന്നു. ഇവിടെ സംഘര്‍ഷത്തില്‍ കൃഷ്ണകുമാറിനെതിരെ കേസെടുക്കുകയും ജയിലിലുമായിരുന്നു.
‘പാര്‍ട്ടിക്കുള്ള വലിയ പ്രശ്‌നം, ഞാനും വിളക്കും എന്ന മനോഭാവമാണ്. ബാക്കിയുള്ളവര്‍ വിറകുവെട്ടുകാരും വെള്ളംകോരികളുമാണെന്നാണ് അവരുടെ കരുതല്‍. അവരങ്ങനെ മാറിയിരിക്കുന്നു. ഇതാണ് കേരളത്തിലെ ബിജെപി ഇപ്പോഴനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നം”, എന്ന് എസ് കൃഷ്ണകുമാര്‍ പറയുന്നു.
പത്തനംതിട്ട ഡിസിസി അംഗവും മുന്‍ പഞ്ചായത്തംഗവും, കോണ്‍ഗ്രസ് പന്തളം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ വിടി ബാബു, കര്‍ഷക കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റും കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ പന്തളം വിജയന്‍, കേരള കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് ഇടിക്കുള വര്‍ഗീസ് എന്നിവരടക്കം 25 ല്‍ അധികം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മിലേക്ക് എത്തി. സിപിഎമ്മില്‍ എത്തിയവരെ 11ന് പന്തളത്ത് നടക്കുന്ന യോഗത്തില്‍ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ സ്വീകരിക്കും.
തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശം ആളിക്കത്തിച്ച് എല്‍ഡിഎഫിനെ കടന്നാക്രമിക്കാന്‍ യുഡിഎഫും ബിജെപിയും ഒരുങ്ങുന്നതിനിടെയാണ് ആചാരണ സംരക്ഷണ സമരത്തിന്റെ മുന്നില്‍ നിന്ന് ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച എസ് കൃഷ്ണകുമാറും ഒപ്പം നിന്നവരും സിപിഎമ്മിലേക്ക് എത്തുന്നത്.