കേരളത്തില്‍ പ്രചാരണത്തിന് മോഡി, അമിത് ഷാ, യോഗി, സ്മൃതി: ഭരണം പിടിക്കാന്‍ കേന്ദ്രനേതാക്കളുടെ പടയൊരുക്കി ബിജെപി

ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ പ്രചാരണത്തിന് മുന്‍നിര കേന്ദ്രനേതാക്കളെ ഇറക്കാനൊരുങ്ങി ബിജെപി നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ കേരളത്തില്‍ പ്രചാരണത്തിനായി എത്തുമെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും ചില സീറ്റുകളില്‍ വിജയിക്കാനും സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രയില്‍ അമിത് ഷായും യോഗി ആദിത്യനാഥും പങ്കെടുക്കും. ചില ദിവസങ്ങളില്‍ ഇരു നേതാക്കളും കേരളത്തില്‍ ക്യാമ്പ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഫെബ്രുവരി 21ന് യോഗി ആദിത്യനാഥ് വിജയ് യാത്ര ഉദ്ഘാടനം ചെയ്യും. ആദിത്യനാഥിന് ശേഷമായിരിക്കും അമിത് ഷാ എത്തുക. യാത്രയുടെ സമാപന ദിനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോഡി പങ്കെടുക്കാന്‍ സാദ്ധ്യതയുള്ളത്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും യാത്രയില്‍ പങ്കെടുക്കും. കൂടാതെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, യുവമോര്‍ച്ച ദേശീയ നേതാവും എംപിയുമായ തേജസ്വി സൂര്യ എന്നിവരും പ്രചാരണത്തിനെത്തും. ഏപ്രിലിലാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്.

Exit mobile version