കണ്ണൂർ: സർക്കാരിന് എതിരെ പിഎസ്സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം യുഡിഎഫ് ഏറ്റെടുത്തതിനിടെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ തിരിച്ചടി. സർക്കാർ ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് വനിതാ മുസ്ലിം ലീഗ് നേതാവ് തന്നെ പോസ്റ്റ് ചെയ്താണ് യുഡിഎഫിന് വലിയ തിരിച്ചടിയായിരിക്കുന്നത്. ഇതേതുടർന്ന് നേതൃത്വം ഇടപെട്ട് വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിപ്പിച്ചിരിക്കുകയാണ്.
പിഎസ്സി റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം നടത്തുന്നതിനിടെയാണ് വനിതാ ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും മട്ടന്നൂർ നഗരസഭാ കൗൺസിലറുമായ എംകെ നജ്മയുടെ പോസ്റ്റ് വൈറലായത്. ഇതോടെ യുഡിഎഫ് ഉന്നതനേതാക്കൾ ഇടപെട്ട് നജ്മയെ കൊണ്ട് പോസ്റ്റ് പിൻവലിപ്പിക്കുകയായിരുന്നെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു.
പിൻവലിച്ച നജ്മയുടെ പോസ്റ്റ് ഇങ്ങനെ: ‘ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പിഎസ്.സി നേടുക എന്നത്. രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ റാങ്കും എത്തി. എനിക്കും കിട്ടി അഡൈ്വസ് മെമ്മോ. റാങ്ക് ലിസ്റ്റിലെ ബാക്കിയുള്ളവർക്കും കിട്ടണമെന്ന പ്രാർഥനയോടെ എയ്ഡഡ് സ്കൂളിൽ നിന്ന് ഗവ.സ്കൂളിലേക്ക്.’ ഈ പോസ്റ്റാണ് വൈറലായതോടെ സർക്കാരിനെതിരെ സമരം നടത്തുന്ന മുസ്ലിംലീഗിനും കോൺഗ്രസിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.
റാങ്ക് ലിസ്റ്റിൽപ്പെട്ടവർക്ക് ജോലി ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം. പുതിയ തസ്തികകൾ സൃഷ്ടിക്കാൻ കഴിയുന്നിടത്ത് അത് ചെയ്യണം. 2600ഓളം പേരെ കൂടി സ്ഥിരപ്പെടുത്തുന്നെന്ന വാർത്തകൾ ശരിയാണെങ്കിൽ അത് സംസ്ഥാനത്തെ തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്. അതിൽ നിന്നും സർക്കാർ ഉടൻ പിന്മാറണം. ഉദ്യോഗാർഥികളോട് ഏറ്റവും വലിയ ക്രൂരത കാണിച്ച ഒരു ഗവൺമെന്റ് ആണിതെന്നൊക്കെയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇതിനിടെയാണ് യുഡിഎഫിൽ നിന്നു തന്നെ പിഎസ്സി ജോലി ലഭിച്ച ഒരംഗം സർക്കാരിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post