തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടത്തിന് തുടക്കമായി. പോലീസ്, മറ്റു സേനാവിഭാഗങ്ങള്‍, റവന്യൂ ജീവനക്കാര്‍, മുന്‍സിപ്പാലിറ്റി പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങി കോവിഡ് മുന്‍നിര പോരാളികള്‍ക്കാണ് ഇന്നുമുതല്‍ വാക്സിന്‍ നല്‍കുന്നത്. കൊവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്.
ഡിജിപി ലോക്നാഥ് ബഹ്റയും തിരുവനന്തപുരം ജില്ലാകളക്ടര്‍ നവ്ജ്യോത് ഖോസയും വാക്സിന്‍ സ്വീകരിച്ചു. രാവിലെ തലസ്ഥാനത്തെ ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ വാക്സിന്‍ സ്വീകരിച്ചത്. ഹെഡ്ക്വാട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം തുടങ്ങി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വാക്സിന്‍ സ്വീകരിച്ചു.
76,000 ത്തില്‍ അധികം വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാക്സിനേഷന്‍ നാല് ദിവസത്തിനുള്ളില്‍ തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. റവന്യൂ പഞ്ചായത്ത് ജീവനക്കാര്‍ ഉള്‍പ്പെടെ മൊത്തം 12 ലക്ഷത്തിലധികം മുന്നണി പോരാളികളാണ് സംസ്ഥാനത്ത് വാക്സിന്‍ സ്വീകരിക്കാനായിട്ടുള്ളത്.
അതേസമയം, ഇതുവരെയുള്ള കണക്കില്‍ 3,30,775 ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തില്‍ വാക്‌സിന്‍ സ്വീകരിച്ചത്. കൊവാക്‌സിനും കേരളം സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉപയോഗിക്കില്ലെന്ന് നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
Discussion about this post