കൊച്ചി: വാലന്റൈൻസ് ഡേയ്ക്ക് സ്റ്റേജ് ഷോയ്ക്ക് എത്താമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന പരാതിയിൽ നടി സണ്ണി ലിയോണിനെതിരെ കേസെടുത്തു. താരമാണ് കേസിൽ ഒന്നാംപ്രതി. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 2016 മുതൽ കൊച്ചിയിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്റെ പരാതി.
സണ്ണി ലിയോണിന്റെ ഭർത്താവാണ് രണ്ടാം പ്രതി, മൂന്നാം പ്രതി സണ്ണി ലിയോണിന്റെ മാനേജറാണ്. സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് എസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ സണ്ണിയെ ചോദ്യം ചെയ്തത്.
ജനുവരി അവസാന ആഴ്ച മുതൽ സണ്ണി ലിയോൺ കേരളത്തിലുണ്ട്. കുടുംബ സമേതമാണ് എത്തിയത്. ഒരു മാസം നടി കേരളത്തിലുണ്ടാവുമെന്നാണ് റിപ്പോർട്ട്. ഷൂട്ട് സംബന്ധിച്ചാണ് കേരളത്തിലെത്തിയതെന്നാണ് സൂചന. അതിനിടെയാണ് ചോദ്യം ചെയ്യൽ.