ന്യൂഡൽഹി: യൂത്ത് ലീഗിൽ നിന്ന് കേസ് നടത്തിപ്പിനായി സാമ്പത്തിക നിയമസഹായങ്ങൾ ലഭിച്ചിരുന്നുവെന്ന് കത്വ കേസിലെ ഇരയുടെ കുടുംബം. പല നിലയിലും യൂത്ത് ലീഗ് സഹായിച്ചിട്ടുണ്ടെന്നും ഇപ്പോഴും സഹായം തുടരുന്നുണ്ടെന്നും ഇരയുടെ പിതാവ് പറഞ്ഞു. 2018ലാണ് യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ നൽകിയത്. ഡൽഹിയിൽ വച്ച് ചെക്കായും പണമായുമാണ് ഇത് കൈമാറിയത്. അഭിഭാഷകരെ ഏർപ്പാടാക്കിയതും യൂത്ത് ലീഗ് നേതാക്കളാണെന്ന് കുടുംബത്തിലെ മറ്റൊരു അംഗം പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. യൂത്ത് ലീഗ് ഫണ്ട് വിവാദവുമായി കേരളത്തിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് അറിയാമെന്നും ഇവർ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
നേരത്തെ കത്വ കേസിനായി പിരിച്ച പണം യൂത്ത് ലീഗ് ആർക്കും നൽകിയില്ലെന്ന ആരോപണം ശക്തമായതിനെ തുടർന്ന് നേതാക്കൾ വാർത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നൽകിയെന്നും നേതാക്കൾ പറഞ്ഞിരുന്നു. ഇക്കാര്യമാണ് കുടുംബം സ്ഥിരീകരിച്ചത്.
ഇതോടൊപ്പം അഭിഭാഷക ദീപിക സിങിനെതിരെ രൂക്ഷ വിമർശനവും കത്വ കുടുംബം ഉന്നയിച്ചെന്നാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം സൗജന്യമായി കേസ് വാദിക്കാമെന്ന് പറഞ്ഞ ദീപിക പിന്നീട് ഒന്നര ലക്ഷം രൂപ പണമായി കൈപ്പറ്റിയെന്ന് കുടുംബം ആരോപിക്കുന്നു. 110 തവണ കോടതി കേസ് പരിഗണിച്ചു. എന്നാൽ രണ്ടുതവണ മാത്രമാണ് കോടതിയിൽ ഹാജരായത്. അതുകൊണ്ടാണ് അവരുടെ വക്കാലത്ത് ഒഴിവാക്കിയത്. നിലവിൽ മുബീൻ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകൻ. അദേഹത്തിന്റെ കേസ് നടത്തിപ്പിൽ തൃപ്തനാണെന്നും കുടുംബം പറഞ്ഞു.
യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവുമായി രംഗത്തെത്തിയത്. പിരിച്ചെടുത്ത പണത്തിൽ നിന്ന് ഒരു രൂപ പോലും ആർക്കും നൽകിയിട്ടില്ല. പികെ ഫിറോസ് അടക്കമുള്ള നേതാക്കൾ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം.
Discussion about this post