മാനന്തവാടി: കുറ്റിയിട്ട വാതില്‍ പൊളിച്ച് അകത്തേയ്ക്ക് പാഞ്ഞുകയറിയ കടുവയില്‍ നിന്നും കുടുംബത്തിന് സിനിമയെ വെല്ലുന്ന മല്പിടുത്തത്തിലൂടെ രക്ഷ. പോലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന ആശാരിപ്പറമ്പില്‍ സാലിദയും സഹോദരിയുടെ മകന് മൃദുനുമാണ് വന്‍ ദുരന്തത്തില്‍ നിന്നും കരകയറിയത്.
വീട്ടിലെത്തിയ ആക്രമണകാരിയായ കടുവയെ നേരിട്ടതെങ്ങനെയെന്ന് ഇപ്പോഴും പേടിയോടു കൂടിയാണ് ഇവര്‍ ഓര്‍ക്കുന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വീടിനു പുറത്തു നിന്ന് അസാധാരണ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും പ്രത്യേകമായി ഒന്നും കണ്ടില്ല. ഇരുവരും തിരികെ വീട്ടില്‍ കയറി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണു കുറ്റിയിട്ട വാതില്‍ തുറന്നു കടുവ അകത്തേക്കു കടക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വല്ലാതെ ഭയന്നെങ്കിലും മനോധൈര്യം കൈയില്‍പിടിച്ച് കടുവയെ ചെറുക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ച കടുവയെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ആദ്യം മൃദുന് എറിഞ്ഞു. പഴയ പ്ലൈവുഡിന്റെ വാതിലിന്റെ കൊളുത്ത് ഇതിനകം തകര്‍ന്നിരുന്നു. സര്‍വ ശക്തിയും ഉപയോഗിച്ച് ഇരുവരും വാതില്‍ തള്ളിപ്പിടിച്ചു പ്രതിരോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നതോടെ കടുവ പിന്തിരിഞ്ഞ് പോവുകയായിരുന്നു.
വിവരമറിഞ്ഞ് രാത്രി തന്നെ വനപാലകര്‍ സ്ഥലത്തെത്തി. പരിശോധനയില്‍ കടുവയുടെ കാല്പാടുകളും കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്നു പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതായും പട്രോളിങ് ശക്തമാക്കിയെന്നും തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എംവി ജയപ്രസാദ് പറഞ്ഞു. കടുവയുടെ ആക്രമണത്തില്‍ വാതിലിന്റെ മുന്‍ഭാഗവും താഴും തകര്‍ന്നിട്ടുണ്ട്.
Discussion about this post