കൊല്ലം: സ്വത്ത് തട്ടിയെടുക്കുന്നതിനായി മകൻ അമ്മയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി. എഴുപത്തിയഞ്ചുകാരിയായ ഞാറമൂട് സ്വദേശിനി ദേവകിയെയാണ് മകൻ രാജേഷും ഇയാളുടെ ഭാര്യ ശാന്തിനിയും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ രാജേഷിനേയും ഭാര്യ ശാന്തിനിയേയും പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ദേവകിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സ്വാഭാവികമായിരുന്നു എന്ന് വരുത്തി തീർക്കുവാനായിരുന്നു പ്രതികളുടെ ശ്രമം. പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ദുരൂഹതയെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അമ്മയുടെ പേരിലുള്ള വീടും പുരയിടവും സ്വന്തമാക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെ രാജേഷ് അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ദേവകിയുടെ മരണം ശ്വാസംമുട്ടിച്ചതിനെ തുടർന്നാണ് എന്ന് തെളിഞ്ഞിരുന്നു. തുടർന്ന് രാജേഷിനെ ചോദ്യം ചെയ്തതിലൂടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്നും അമ്മയുടെ പേരിലുള്ള വീടും സ്ഥലവും സ്വന്തമാക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ പോലീസിനോട് ഏറ്റുപറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.