എരുമേലി: മാതാപിതാക്കൾക്കും സഹോദരനും ഒപ്പം ബസിൽ ആശുപത്രിയിലേക്ക് പോിക്കൊണ്ടിരിക്കുന്നതിനിടെ 12കാരന്റെ ജീവനെടുത്ത് അജ്ഞാത രോഗം. ചെറിയ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ആദിത്യൻ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അകാരണമായ വയറുവേദനയ്ക്ക് പരിഹാരം കാണുകയായിരുന്നു യാത്രാലക്ഷ്യം. പക്ഷെ പാതിവഴിയിൽ വെച്ച് കുഞ്ഞുആദിത്യനെ മരണം തേടിയെത്തുകയായിരുന്നു.
കാളകെട്ടി തെക്കേച്ചെരുവിൽ സന്തോഷ്-സ്മിത ദമ്പതികളുടെ മകനാണ് ആദിത്യൻ. ഇടയ്ക്ക് വയറുവേദന അനുഭവപ്പെടുന്നത് പതിവായിരുന്നു. പല ഡോക്ടർമാരും പരിശോധിക്കുകയും സ്‌കാനിങ് നടത്തുകയും ചെയ്‌തെങ്കിലും കാര്യമായ രോഗ വിവരങ്ങൾ ലഭ്യമായില്ല. തുടർന്ന് കഴിഞ്ഞദിവസം രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആദിത്യനെയും സഹോദരൻ അദ്വൈതിനെയും കൂട്ടി മാതാപിതാക്കൾ കാളകെട്ടിയിൽ നിന്നും ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. സഞ്ചരിച്ചിരുന്ന ബസ് 5 കിലോമീറ്റർ പിന്നിട്ടതോടെ കുട്ടി ഛർദിച്ചു. ഉടൻതന്നെ ബസ് ജീവനക്കാർ ഓട്ടോ ഏർപ്പാടാക്കി.
കുട്ടിയേയും കൊണ്ട് മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തും മുൻപേ കുരുന്നു ജീവനെ മരണം കവരുകയും ചെയ്തു. കോരുത്തോട് സികെഎംഎം സ്‌കൂൾ 7ാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. കുട്ടിക്ക് എടുത്തു പറയത്തക്ക രോഗങ്ങൾ ഇല്ലായിരുന്നെന്നും സ്‌കാനിങ് റിപ്പോർട്ടിലും നിസ്സാര പ്രശ്‌നങ്ങൾ പോലും കണ്ടിരുന്നില്ലെന്നും ചികിത്സിച്ചിരുന്ന മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടർ ടിഎൽ മാത്യു പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മാത്രമേ മരണകാരണം വ്യക്തമാവൂ. കുട്ടിയുടെ മരണത്തെത്തുടർന്നു ബോധരഹിതയായ അമ്മ സ്മിതയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.