മലപ്പുറം: നിലമ്പൂര്‍ മമ്പാടില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായ കുട്ടികളുടെ സംരക്ഷണം ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. സിഡബ്ല്യൂസി ചെയര്മാന് അഡ്വ. ഷാജേഷ് ഭാസ്ക്കറാണ് ഇക്കാര്യം അറിയിച്ചത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മറ്റും. കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം എന്നിവ പൂര്‍ണമായും ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
അതേസമയം, പ്രതികള്‍ക്കെതിരെ ജുവൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയില്‍ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തി. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബുധനാഴ്ച വൈകിട്ടോടെയാണ് മമ്പാട് ടൗണിലെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നും മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ട കുട്ടികളെ പോലീസും നാട്ടുകാരും ചേര്‍ന്ന് മോചിപ്പിച്ചത്. ആറും നാലും വയസ്സുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ ക്രൂരമായ പീഡനത്തിനിരകളായിരുന്നു.
മുറിയില്‍ പൂട്ടിയിട്ട കുട്ടികള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കാറില്ലെന്നും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. രക്ഷിതാക്കളുടെ പീഡനത്തെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകാത്ത അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.
നാല് വയസ്സുള്ള കുട്ടിയുടെ കണ്ണുകള്‍ വീര്‍ത്ത് തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുമുണ്ട്. രണ്ടാനമ്മ ഉപദ്രവിച്ചിരുന്നതായി നാല് വയസ്സുള്ള കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുുണ്ട്. കുട്ടികളുടെ അമ്മ നേരത്തെ മരിച്ചതായാണ് വിവരം. ഇവരോടൊപ്പമുണ്ടായിരുന്നത് രണ്ടാനമ്മയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ദമ്പതിമാരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ മൂന്ന് മാസമായി മമ്പാട് ടൗണിലെ കെട്ടിടത്തിലാണ് താമസം. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടാണ് ഇവര്‍ ജോലിക്ക് പോയിരുന്നത്. കുട്ടികള്‍ക്ക് കുടിവെള്ളം പോലും ഇവര്‍ നല്‍കിയിരുന്നില്ല. മുറിയുടെ ജനല്‍ തുറന്നു വെക്കുന്ന അവസരങ്ങളില്‍ സമീപത്ത് താമസിക്കുന്ന ബംഗാള്‍ സ്വദേശികള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്കാറുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസങ്ങളില്‍ കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ജനലുകള്‍ അടച്ചിട്ടാണ് ദമ്പതിമാര്‍ ജോലിക്ക് പോയത്. ഇതോടെ ബംഗാള്‍ സ്വദേശികള്‍ നാട്ടുകാരെ വിവരമറിയിക്കുകയും പോലീസ് അടക്കം ഇടപെട്ട് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു.
Discussion about this post