കൊച്ചി: രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇന്ധനവിലയെ ന്യായീകരിച്ച് മുന്‍ ഡിജിപിയും ബിജെപി അംഗവുമായ ജേക്കബ് തോമസ്. ഇന്ധനവില കൂടുന്നത് വഴി അതിന്റെ ഉപയോഗം കുറയ്ക്കാനാകുമെന്ന് ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു.
‘ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം. ടെസ്ല പോലുള്ള കമ്പനികള്‍ അതിന്റെ സാധ്യതകള്‍ തുറക്കുകയാണ്. അതോടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വരുന്നു.
ഇന്ധനവില വീണ്ടും വര്‍ധിച്ചാലും അത് നല്ലതാണ് എന്ന് പരിസ്ഥിതിവാദിയായ ഞാന്‍ പറയും. നികുതി കിട്ടിയാലല്ലേ നമുക്ക് പാലം പണിയാനും സ്കൂളില്‍ കമ്പ്യൂട്ടര്‍ വാങ്ങിക്കാനും കഴിയുള്ളൂ’, ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചാണകസംഘിയെന്ന് വിളിക്കുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്തു. ‘ചാണകം എന്നത് പണ്ട് കാലത്ത് കേരളത്തിലെ എല്ലാ വീട്ടിലും ശുദ്ധിയാക്കാനുപയോഗിച്ചിരുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് ജേക്കബ് തോമസിനെ ചാണകസംഘിയെന്ന് വിളിച്ചാല്‍ സന്തോഷം’, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ശേഷം എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നുവെന്ന് വിശദീകരിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. സിവില്‍ സര്‍വീസ് തെരഞ്ഞെടുക്കുമ്പോള്‍ രാജ്യത്തെയും ജനങ്ങളെയും സേവിക്കാമെന്ന് ആഗ്രഹിച്ചു. എന്നാല്‍ സ്വാര്‍ഥരായ, രാഷ്ട്രബോധമില്ലാത്ത ചിലരുടെ താല്പര്യത്തിനും ഇഷ്ടങ്ങള്‍ക്കും എതിര് നിന്നപ്പോള്‍ ദ്രോഹിക്കുകയും മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു- ജേക്കബ് തോമസ് ഫേസ്ബുക്കിലെഴുതി.
‘എന്റെ ജനങ്ങള്‍ക്കായി, എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീ നാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോള്‍, എന്റെ കടമ ചെയ്യാനാവാതെ ഞാന്‍ വേദനിച്ചപ്പോള്‍, എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി ബി.ജെ.പി. ആയത്’, ജേക്കബ് തോമസ് പറയുന്നു.
തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്നാണ് ജേക്കബ് തോമസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
Discussion about this post