കണ്ണൂർ: കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഒടുവിൽ ആശുപത്രി വിട്ടു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കോവിഡിനൊപ്പം കടുത്ത ന്യൂമോണിയയും ബാധിച്ചാണ് ഗുരുതരാവസ്ഥയിലായിരുന്നത്.
ഇതിനൊപ്പം രക്തസമ്മർദ്ദം വർധിച്ചതും രോഗം ഗുരുതരമാകാൻ കാരണമായി. ഐസിയുവിൽ ചികിത്സയിലായിരുന്ന എംവി ജയരാജൻ അത്ഭുതകരമായാണ് രോഗത്തെ പ്രതിരോധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
ഏറെ ഗുരുതരാവസ്ഥയിലായതിന് ശേഷം രോഗമുക്തി നേടിയതിനാൽ തന്നെ രോഗ പ്രതിരോധശേഷി വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഐസൊലേഷൻ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
ഒരുമാസം വീട്ടിൽ വിശ്രമത്തിൽ കഴിയാനാണ് ആരോഗ്യപ്രവർത്തകർ നിർദേശിച്ചിരിക്കുന്നത്. ജനുവരി 18ന് കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ് എംവി ജയരാജനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20ന് ന്യൂമോണിയ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.