കൊച്ചി: ബെവ്‌കോയിലും കെടിഡിസിയും തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായർ. ഇപ്പോൾ പുറത്തു വന്നിട്ടുള്ളത് തന്റെ ശബ്ദമല്ലെന്നും വ്യാജ വാർത്തകളോടു താൻ പ്രതികരിക്കാതിരുന്നതാണെന്നും സരിത പറഞ്ഞു.
പുറത്തുവന്നിരിക്കുന്ന ഓഡിയോ തന്റെ ശബ്ദമാണെന്നതിന് ഒരു തെളിവുമില്ല. സിബിഐ അന്വേഷണം വന്നപ്പോൾ മുതൽ നടക്കുന്ന ഗൂഢാലോചനയാണിത്. മോഹൻലാലിന്റെയൊക്കെ ശബ്ദം എത്രയോ മിമിക്രിക്കാർ അനുകരിക്കുന്നുണ്ട്. അതുപൊലെ ഗൂഢാലോചനക്കാർ ഇവരുടെയെല്ലാം സഹായത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. ഇതിനു പിന്നിലുള്ള ഗൂഢാലോചന കണ്ടു പിടിക്കാൻ കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും സരിത നായർ പറഞ്ഞു.
ഫോണിൽ നിന്ന് 317 തവണ വിളിച്ചു, സംസാരിച്ചു എന്നതെല്ലാം അംഗീകരിച്ചാലും ഈ റെക്കോർഡിലുള്ള കാര്യങ്ങളാണു സംസാരിച്ചത് എന്നു വരാൻ നിർബന്ധമില്ല. ഇതുപോലീസ് അന്വേഷിക്കുന്ന വിഷയമാണ്. പരാതിക്കാരൻ തന്നെ കണ്ടിട്ടില്ലെന്നാണു പോലീസിനു നൽകിയിട്ടുള്ള മൊഴിയും എഫ്‌ഐആറിലുമുള്ളത്. ഒരിക്കലും തന്നെ കണ്ടിട്ടില്ല എന്നു മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്? അക്കൗണ്ട് രേഖകളിലൊന്നും അരുൺ എന്നൊരാൾ പണം തന്നതിന്റെ രേഖകളില്ലെന്നും രണ്ടു വർഷത്തെ മുഴുവൻ രേഖകളും പരിശോധിച്ചിട്ടും ഈ പേരിൽ ഒരാൾ അക്കൗണ്ടിൽ പണമിട്ടെന്ന് കണ്ടെത്താനായില്ലെന്നും സരിത അവകാശപ്പെട്ടു.
ഈ ആരോപണത്തിനു പിന്നിൽ ഒരു യൂത്ത് കോൺഗ്രസുകാരനാണ് എന്നാണ് അന്വേഷണത്തിൽ മനസിലായത്. ഇതു വിലപ്പോവില്ല. രണ്ടുമൂന്നാഴ്ചയായി പലരും തന്നെ വിളിച്ച് സിബിഐ അന്വേഷണത്തിൽ മൊഴികൊടുക്കരുതെന്നു പറഞ്ഞ് ബ്ലാക്ക്‌മെയിൽ ചെയ്യുന്നുണ്ട്. കേസിൽനിന്നു പിൻമാറണം, ഉമ്മൻ ചാണ്ടിയെ എന്തിനാണ് ഉൾപ്പെടുത്തിയതു തുടങ്ങി വിളികൾ വരുന്നുണ്ട്. നിയമത്തിന്റെ വഴിയേ പോകുമ്പോൾ പിന്നെ ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്നും സരിത പറഞ്ഞു.
മന്ത്രിമാർ ഉൾപ്പടെയുള്ളവരുടെ പേരുപയോഗിച്ചു സരിത എസ് നായർ ബെവ്‌കോയിലും കെടിഡിസിയിലും പിൻവാതിൽ നിയമനം ഉറപ്പു നൽകിയെന്നാണ് നെയ്യാറ്റിൻകര സ്വദേശി എസ്എസ് അരുൺ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.