കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് അഭിപ്രായം പറയാം. ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ഹൈക്കോടതി വിലക്ക് സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
രഹന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു. കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്.
രഹനയുടെ യുട്യൂബ് ചാനലില്‍ ‘ഗോമാതാ’ ഫ്രൈ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ‘ഗോമാതാ’ എന്ന് പരാമര്‍ശം നടത്തിയതിനു ഐപിസി 153, 295 എ എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
മനപ്പൂര്‍വ്വം മത സ്പര്‍ദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമര്‍ശമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് സുനില്‍ തോമസാണ് രഹനയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നും ഹര്‍ജി തീര്‍പ്പാക്കിയപ്പോള്‍ കോടതി പറഞ്ഞിരുന്നു.
ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് രഹന സുപ്രീം കോടതിയില്‍ വാദിച്ചത്.