മലപ്പുറം: ഒട്ടും നിനച്ചിരിക്കാത്ത നേരത്താവും ഭാഗ്യമെത്തുക, അത്തരമൊരു ഭാഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് കര്‍ണാടക സ്വദേശി സോഹന്‍ ബല്‍റാം. കാരണം മലപ്പുറത്തെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയ സോഹനെ ഭാഗ്യമിത്ര ലോട്ടറിയുടെ ഒരു കോടിയാണ് തേടിയെത്തിയത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ കുടുംബസമേതം മലപ്പുറത്തേക്ക് വിരുന്നെത്തിയതാണ് കര്‍ണാടക സ്വദേശി സോഹന്‍ ബല്‍റാം. കഴിഞ്ഞദിവസമാണ് പുത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറി ഏജന്‍സിയിലെ ജീവനക്കാരനായ പറവന്നൂര്‍ കൈപ്പാലക്കല്‍ പ്രഭാകരനെ കാണാന്‍ സോഹനെത്തിയത്.
മാണ്ഡ്യ ജില്ലയിലെ സോമന ഹള്ളി സ്വദേശിയാണ് സോഹന്‍ ബല്‍റാം. പ്രഭാകരന്‍ ജോലി ചെയ്യുന്ന പുത്തനത്താണിയിലെ കടയിലെത്തിയാണ് സോഹന്‍ ലോട്ടറി ടിക്കറ്റ് എടുത്തത്. മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ സോമനഹള്ളി സ്വദേശിയായ സോഹന്‍ ബല്‍റാം ജീവിതത്തില്‍ ആദ്യമായാണ് ലോട്ടറി എടുക്കുന്നത്.
നറുക്കെടുപ്പിന് കാത്തുനില്‍ക്കാതെ ഞായറാഴ്ച്ച ഉച്ചയോടെ കുടുംബസമേതം നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഫലം വന്നത്. ഫലം ഓണ്‍ലൈന്‍ വഴി വന്നതോടെ പ്രഭാകരന്‍ തന്നെയാണ് ലോട്ടറി അടിച്ച വിവരം സോഹനെ ഫോണിലൂടെ അറിയിച്ചത്. അതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ച് അവര്‍ പുത്തനത്താണിയിലേക്കു തിരിച്ചു.
ഒന്നാം സമ്മാനമായ 5 കോടി രൂപയുടെ 5 സമ്മാനാര്‍ഹരില്‍ ഒരാളാണ് സോഹന്‍. ലോട്ടറി ഏജന്‍സി ഉടമ മണികണ്ഠന്‍, സോഹനെയും കുടുംബാംഗങ്ങളെയും മധുരം നല്‍കി സ്വീകരിച്ചു. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്.
ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നല്‍കുന്നുവെന്ന പ്രത്യേകതയാണ് ഭാഗ്യമിത്ര ലോട്ടറിക്കുള്ളത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും.