കൊച്ചി: നിനിത കണച്ചേരിയെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത് പുനപരിശോധിക്കില്ലെന്ന് കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ധര്‍മ്മരാജ് അടാട്ട്. നിനിത കണച്ചേരിയുടെ നിയമനത്തില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ല, അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമനത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്നും വിസി വിഷയവിദഗ്ദ്ധ സമിതിക്കെതിരെയും ധര്‍മരാജ് രംഗത്തെത്തി. മാര്‍ക്ക് ലിസ്റ്റും പുറത്ത് വിടില്ല. കോടതി ആവശ്യപ്പെട്ടാല്‍ മാത്രമെ ഇത് കൈമാറുകയുള്ളൂ. നിയമനം സംബന്ധിച്ച് രണ്ടു ദിവസത്തിനകം ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. വിഷയ വിദഗ്ദ്ധരുടെ കത്ത് സര്‍വകലാശാല ചോര്‍ത്തിയിട്ടില്ല. വിഷയ വിദഗ്ദ്ധരെ നിയമിച്ചത് ആരുടെയും പേര് പറയാനല്ലെന്നും വിസി പറഞ്ഞു.
സര്‍വകലാശാല മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സംഗീത തിരുവളിന്റെ നിയമനം സംബന്ധിച്ച വിവാദങ്ങളെയും വൈസ് ചാന്‍സിലര്‍ തള്ളി. സിപിഎമ്മിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലല്ല സംഗീതയ്ക്ക് ജോലി നല്‍കിയത്. ധീവര സമുദായത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥിക്കു വേണ്ടിയായിരുന്നു ഒഴിവ്. യോഗ്യത ഉണ്ടായിരുന്നത് സംഗീതയ്ക്ക് മാത്രമായതിനാലാണ് അവരെ നിയമിച്ചതെന്നും ധര്‍മരാജ് അടാട്ട് പറഞ്ഞു.
കാലടി സംസ്കൃത സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം റാങ്ക് പട്ടിക അട്ടിമറിച്ചാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
വിവാദങ്ങള്‍ക്കു പിന്നില്‍ വിഷയ വിദഗ്ധരുടെ ഉപജാപമാണെന്ന് എംബി രാജേഷ് ആരോപിച്ചിരുന്നു. ഇതിനെതിരെ വിഷയ വിദഗ്ധനായ ഡോ. ഉമര്‍ തറമേല്‍ രംഗത്തെത്തിയിരുന്നു. രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമര്‍ ഉമര്‍ തറമേല്‍. രാജേഷിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ചേരരുത് എന്ന രീതിയില്‍ വിദഗ്ധ സമിതി ഉപജാപം നടത്തി എന്ന ആരോപണം തെളിയിക്കണമെന്നും ഡോ.ഉമര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.
മൂന്നുതലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ടെന്നായിരുന്നു എം.ബി.രാജേഷ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഒന്ന് അഭിമുഖം നടക്കുന്നതിനുമുമ്പാണ്. നിനിതയുടെ പിഎച്ച്.ഡി. ഈ ജോലിക്ക് അപേക്ഷ നല്കുമ്പോള് കിട്ടിയതല്ലെന്നും ആറുമാസം മുന്‍പുമാത്രം ലഭിച്ചതാണെന്നും കാലടി സര്‍വകലാശാലയില്‍ വിളിച്ച് പരാതിപ്പെട്ടു. അഭിമുഖത്തിന് അയോഗ്യയാക്കാന് വേണ്ടിയായിരുന്നു അത്.
സര്‍വകലാശാല നിജസ്ഥിതി തേടിയപ്പോള്‍ 2018-ല്‍ മലയാളത്തില്‍ പിഎച്ച്.ഡി. ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നെ നിനിതയുടെ പിഎച്ച്.ഡി.ക്കെതിരേ കേസുണ്ടായിരുന്നുവെന്ന് പരാതിയുണ്ടായി. അതും വിഫലമായി. ഇന്റര്‍വ്യൂ ബോര്‍ഡിലും ഉപജാപം നടന്നുവെന്നാണു മനസ്സിലാകുന്നത് -രാജേഷ് പറഞ്ഞു.
Discussion about this post