മാനന്തവാടി: മാനന്തവാടി മുന്‍ എംഎല്‍എ പികെ ജയലക്ഷ്മിയുടെ തോല്‍വിയ്ക്ക് കാരണം സിപിഎം വ്യക്തിഹത്യ നടത്തിയതാണെന്നുളള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പൊളിച്ചടുക്കി ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി രംഗത്ത്.
2016ലെ തെരെഞ്ഞെടുപ്പില്‍ അതിനുശേഷം ഉയര്‍ന്നുവന്ന അഴിമതികഥകള്‍ സ്വാധീനിച്ചുവെന്ന വിധത്തില്‍ ഉമ്മന്‍ ചാണ്ടി പോസ്റ്റ് ചെയ്ത കുറിപ്പിലെ വസ്തുതകള്‍ ചോദ്യം ചെയ്താണ് ജില്ലാ സെക്രട്ടറി കെ റഫീഖ് മറുപടി കുറിപ്പുമായി രംഗത്തെത്തിയത്.
ഉമ്മന്‍ചാണ്ടിക്ക് മറവിരോഗം ബാധിച്ചോയെന്നും കോടികളുടെ വികസനം നടന്നുവെന്ന് പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പിനെ സമീപിച്ച യുഡിഎഫിന് ജനങ്ങള്‍ നല്കിയ മറുപടിയെ മറച്ചുവെക്കാനാണ് ഉമ്മന്‍ ചാണ്ടി നേരിട്ട് കള്ളപ്രചാരണം നടത്തുന്നതെന്നും റഫീഖ് തുറന്നുകാട്ടുന്നു.
യുഡിഎഫ് ഭരണകാലത്ത് മാനന്തവാടി മണ്ഡലത്തിലുണ്ടായ അഴിമതികള്‍ തെളിയികകാനുള്ള പോരാട്ടത്തിലാണ് ഡിവൈഎഫ്ഐ എന്നും അദ്ദേഹം പറയുന്നു.
മാനന്തവാടിയില്‍ പികെ ജയലക്ഷ്മി വീണ്ടും മത്സരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് അഴിമതിക്കേസുകളില്‍ വെള്ളപൂശാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നത്. പികെ ജയലക്ഷ്മിയുടെ കാലത്ത് മണ്ഡലത്തില്‍ ആദിവാസി ഭൂമിവിതരണമുള്പ്പെടെ വിവിധ ക്ഷേമപദ്ധതികളില്‍ നടന്ന വന്‍ വെട്ടിപ്പ് മുഖ്യധാരാ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
വന്‍ വിവാദമായ സംഭവങ്ങള്‍ നിലനില്‍ക്കെയാണ് ഉമ്മന്‍ ചാണ്ടി ന്യായവാദങ്ങളുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് വഴക്കുകളാണ് വന്‍ അഴിമതികള്‍ പുറത്തെത്തിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി ജയലക്ഷ്മിയെ തള്ളിപ്പറഞ്ഞിരുന്നു. ഇതെല്ലാം സിപിഎമ്മിന്റെ കള്ളപ്രചാരണമായിരുന്നെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കണ്ടെത്തല്‍.
റഫീഖിന്റെ കുറിപ്പ്:
ഉമ്മന്‍ ചാണ്ടിക്ക് മറവിരോഗം ഉണ്ടായേക്കാം കേരളത്തിലെ മാധ്യമങ്ങള്‍ ഒന്നടങ്കം ഈ മറവി രോഗത്തെ പിന്തുണച്ചേക്കാം. പക്ഷെ വയനാട്ടുകാര്‍ക്ക് പ്രത്യേകിച്ച് മാനന്തവാടിക്കാരെ മറവിരോഗം ബാധിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കേണ്ടതുണ്ട്. മാധ്യമങ്ങളും.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മാനന്തവാടി സിറ്റിംഗ് എം.എല്‍.എ പരാജയപ്പെട്ടത് സി.പി.ഐ.എം വ്യക്തിഹത്യ നടത്തിയതിനാലാണ് എന്ന് ഉമ്മന്‍ ചാണ്ടി പ്രചരിപ്പിക്കുമ്പോള്‍ ഒരു നുണ നൂറ്റിയൊന്ന് ആവര്‍ത്തിച്ച് സത്യമാക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയപാരമ്പര്യത്തിന്റെ ശീലക്കേടായി മാത്രം കണ്ടാല്‍ മതി. മാധ്യമങ്ങളെങ്കിലും ഇത്തരം കള്ളപ്രചരണങ്ങളിലെ യഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
2016ല്‍ മന്ത്രിയെന്ന നിലയില്‍ കോടികളുടെ വികസനം നടപ്പിലാക്കിയെന്ന പേരിലാണ് അന്നത്തെ സിറ്റംഗ് എം.എല്‍.എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അന്ന് അവര്‍ക്കെതിരെ ഏതെങ്കിലും രീതിയിലുള്ള അഴിമതി ആരോപണങ്ങള്‍ മാധ്യമങ്ങളോ മറ്റോ ഉയര്‍ത്തിയിരുന്നില്ല. ഈ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകും.
വലിയ രീതിയിലുള്ള വികസനം മാനന്തവാടിയില്‍ നടത്തിയെന്ന പ്രചരണങ്ങള്‍ ഉയര്‍ത്തിയാണ് മന്ത്രിയെന്ന നിലയിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തി 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മാനന്തവാടി സിറ്റിംഗ് എം.എല്‍.എ യു.ഡി.എഫിന് വേണ്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
ആദിവാസി സ്ത്രീകള്‍ ആംബുലന്‍സില്‍ പ്രസവിക്കേണ്ടി വരുന്ന, അവരുടെ നവജാതശിശുക്കള്‍ മരണപ്പെടേണ്ട ഏറ്റവും ശോചനീയ അവസ്ഥയായിരുന്നു അന്ന് മാനന്തവാടിയില്‍ വിശേഷിച്ച് വയനാട്ടില്‍ നിലനിന്നിരുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാതെ, വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. ‘ഡോക്ടറില്ലെങ്കില്‍ ഒരു വയറ്റാട്ടിയെ എങ്കിലും താ’ എന്ന് വയനാട്ടിലെ മാധ്യമങ്ങള്‍ക്ക് ഇക്കാലത്ത് വിലപിക്കേണ്ടി വന്നിരുന്നു.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ അവഗണിച്ചായിരുന്നു കോടികളുടെ വികസനത്തെക്കുറിച്ചുള്ള പ്രചരണം മാനന്തവാടിയില്‍ നടന്നിരുന്നത്. വികസന മുരടിപ്പിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോയിരുന്ന മാനന്തവാടിയിലെ ജനങ്ങള്‍ക്ക് അതിനാല്‍ തന്നെ കോടികളുടെ വികസന വായ്ത്താരി ഉള്‍ക്കൊള്ളാന്‍ കഴിയില്ലായിരുന്നു. ജില്ലാ ആശുപത്രിയുടെ ദുരിതവും മന്ത്രിയുടെ പഞ്ചായത്തില്‍ പോലുമുള്ള ആദിവാസി ജനതയുടെ ദുരിതജീവിതവും മണ്ഡലത്തിലെ വികസന മുരടിപ്പുമെല്ലാം ഉയര്‍ത്തിയാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
എന്ത് കള്ളപ്രചരണമാണ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. നുണ പറഞ്ഞ് ആരെയെങ്കിലും വെളുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും അടിസ്ഥാനം വേണമെന്ന ധാര്‍മ്മികബോധം മുന്‍മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കും അത്യാവശ്യമാണ്.
2016ലെ തിരഞ്ഞെടുപ്പില്‍ മുന്‍മന്ത്രിയും അന്നത്തെ സിറ്റിംഗ് എം.എല്‍.എയുമായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിദ്യാഭ്യാസ യോഗ്യതയിലും തിരഞ്ഞെടുപ്പ് ചിലവിന്റെ കാര്യത്തിലും കള്ളസത്യവാങ്ങ്മൂലം നല്‍കിയെന്ന തിരഞ്ഞെടുപ്പ് കേസ് മാനന്തവാടിയില്‍ ഉയര്‍ന്നുവന്നിരുന്നു. വരണാധികാരിയുടെ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലെത്താതെ ഭരണസ്വാധീനം ഉപയോഗിച്ച് പൂഴ്ത്തിവച്ചുവെന്നും അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ആ വിഷയത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിറ്റിംഗ് എം.എല്‍.എയ്ക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സി.പി.ഐ.എമ്മോ ഉന്നയിച്ചിരുന്നില്ല. ആരാണ് ഈ വിഷയങ്ങള്‍ അന്നത്തെ തിരഞ്ഞെടുപ്പില്‍ സജീവമായി ഉന്നയിച്ചതെന്ന് മാനന്തവാടിയിലെ ജനങ്ങള്‍ മറന്നിട്ടില്ല. ഉമ്മന്‍ ചാണ്ടി സമയം കിട്ടുമ്പോള്‍ മാനന്തവാടിയിലെ കോണ്‍ഗ്രസ് നേതാക്കളോട് തിരക്കിയാല്‍ ഇത്തരം വിഷയങ്ങളുടെ യാഥാര്‍ത്ഥ്യം അവര്‍ ഓര്‍മ്മിപ്പിക്കാതിരിക്കില്ല.
അന്നത്തെ സിറ്റിംഗ് എം.എല്‍.എയുടെ സംഘപരിവാര്‍ ബന്ധം ചൂണ്ടിക്കാണിച്ച് മണ്ഡലത്തില്‍ ഉടനീളം പ്രചരണം നടത്തിയത് സി.പി.ഐ.എം നേതാക്കളോ പ്രവര്‍ത്തകരോ ആയിരുന്നില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ സംഘപരിവാര്‍ ബന്ധുത്വത്തിന്റെ തെളിവുകള്‍ നിരത്തി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രചരണം നടന്നിരുന്നു. സി.പി.ഐ.എമ്മോ ഇടതുപക്ഷമോ ആയിരുന്നില്ല അത്തരം പ്രചരണങ്ങള്‍ നടത്തിയതെന്ന് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങളെങ്കിലും മറന്നിട്ടുണ്ടാകില്ല.
അത്തരം പ്രചരണങ്ങളില്‍ അടിസ്ഥാനമുള്ളതിനാലാണല്ലോ യു.ഡി.എഫ് പാളയത്തില്‍ നിന്ന് തന്നെ അത്തരം ഗൗരവമുള്ള പ്രചരണങ്ങള്‍ ഉയര്‍ന്നുവന്നത്. അത്തരം പ്രചരണങ്ങള്‍ ബോധ്യപ്പെട്ടതിനാലായിരിക്കുമല്ലോ മാനന്തവാടിയിലെ ബഹുജനങ്ങള്‍ അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തിരസ്കരിച്ചിരിക്കുക. ഇത്തരത്തില്‍ ജനാധിപത്യപ്രക്രിയയിലൂടെ ജനങ്ങള്‍ തിരസ്കരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തെ ഇത്തരത്തില്‍ കള്ളപ്രചരണത്തിലൂടെ വെളുപ്പിച്ചെടുക്കാനായി സി.പി.ഐ.എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി എടുത്തിരിക്കുന്ന ക്വട്ടേഷന്‍ യഥാര്‍ത്ഥത്തില്‍ മലര്‍ന്ന് കിടന്നുള്ള തുപ്പലായി മാത്രമേ മാനന്തവാടിയിലെ ബഹുജനങ്ങള്‍ ഉള്‍ക്കൊള്ളുകയുള്ളു.
2016ലെ തിരഞ്ഞെടുപ്പില്‍ അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മന്ത്രിയെന്ന നിലയില്‍ നടത്തിയ ഏതെങ്കിലും ക്രമക്കേടുകള്‍ ചര്‍ച്ചയായിരുന്നില്ല. അത്തരം അഴിമതി വിഷയങ്ങളൊന്നും അന്ന് ഗൗരവത്തില്‍ ഉയര്‍ന്നുവന്നിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് മന്ത്രിയെന്ന നിലയില്‍ കോടികളുടെ വികസനം മാനന്തവാടിയില്‍ നടത്തിയെന്ന ചര്‍ച്ചകളായിരുന്നു ഉയര്‍ന്നു നിന്നത്.
മന്ത്രിയെന്ന നിലയില്‍ മാനന്തവാടിയില്‍ വികസനം കൊണ്ടുവരാന്‍ കഴിയാത്ത സിറ്റിംഗ് എം.എല്‍.എ ആയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീഴ്ചകളും മണ്ഡലത്തിലെ വികസനമുരടിപ്പുമാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണവിഷയമായി ഉയര്‍ത്തിക്കാണിച്ചത്. ഇതാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനന്തവാടിയിലെ ജനങ്ങള്‍ ഒ.ആര്.കേളുവിനെ എം.എല്‍.എ ആയി തിരഞ്ഞെടുത്തത്.
2011-2016 കാലയളവില്‍ മാനന്തവാടിയില്‍ മന്ത്രിയുണ്ടായിരുന്നപ്പോള്‍ നടന്ന വികസനവും 2016-2021ല്‍ മാനന്തവാടിയില്‍ ഒ.ആര്.കേളു കൊണ്ടുവന്ന വികസനവും മാനന്തവാടിയിലെ ബഹുജനങ്ങള്‍ താരതമ്യം ചെയ്യുന്ന കാലയളവിലാണ് ഉമ്മന്‍ചാണ്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയകാരണത്തെ കളവില്‍ പൊതിഞ്ഞ് സി.പി.ഐ.എമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അവതരിപ്പിക്കുന്നതും, ആരുടെയോ അച്ചാരം പറ്റി ഏതാനും മാധ്യമങ്ങള്‍ ആ കളവിനെ ഏറ്റുപിടിക്കുന്നതും.
മാനന്തവാടി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുന്‍മന്ത്രിയുടെ കാലത്ത് പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പില്‍ നടന്ന ക്രമക്കേടുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തുടങ്ങിയത് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമാണ് മാധ്യമങ്ങള്‍ ഈ വിവരങ്ങള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പുറത്ത് വിടുന്നത്. ഈ സമയം പൊതുപ്രവര്‍ത്തനരംഗത്ത് പോലും സജീവമല്ലാതിരുന്ന മുന്മന്ത്രിയെ ഈ വിഷയത്തില്‍ സി.പി.ഐ.എം അപകീര്ത്തിപ്പെടുത്തിയിരുന്നില്ല. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെടുകയാണ് ചെയ്തത്. മുന്‍മന്ത്രിയുടെ കാലത്ത് നിരവധിയായ പദ്ധതികളിലെ ക്രമക്കേടുകളാണ് വ്യത്യസ്തകാലയളവുകളിലായി മലയാളത്തിലെ പ്രമുഖമായൊരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ടത്.
ഈ വിഷയങ്ങളില്‍ രാഷ്ട്രീയപ്രേരിതമായി ഇടപെടാനോ അന്വേഷണത്തിനായി രാഷ്ട്രീയപ്രേരിതമായി നീങ്ങാനോ സി.പി.ഐ.എം തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. വസ്തുത ഇതായിരിക്കെ ഇത്തരം വിഷയങ്ങള്‍ വച്ച് 2016ലെ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.ഐ.എം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്മന്ത്രിക്കെതിരെ കള്ളപ്രചരണം നടത്തിയെന്ന നട്ടാല്‍മുളക്കാത്ത കളവ് പ്രചരിപ്പിക്കാന്‍ എങ്ങനെയാണ് ഉമ്മന്‍ ചാണ്ടിക്ക് സാധിക്കുന്നത്. ആരാണ് ഇത്തരത്തില്‍ നട്ടാല്‍ മുളയ്ക്കാത്ത കളവെല്ലാം പ്രചരിപ്പിക്കാന്‍ മുന്‍മുഖ്യമന്ത്രിയെ നിര്‍ബന്ധിക്കുന്നത്. എന്ത് കടപ്പാടിന്റെ പേരിലാണ് ഇത്തരം കള്ളപ്രചരണങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉമ്മന്‍ ചാണ്ടി നിന്നുകൊടുക്കുന്നത്.
യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ച് ഇത്തരം കളവുകള്‍ ഏറ്റുപാടാന്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അച്ചാരം തന്നിരിക്കുന്നത് ആരൊക്കെയാണ്. മറവിരോഗം ബാധിക്കാത്ത മാനന്തവാടിയിലെ ബഹുജനങ്ങള്‍ ഇത്തരം കള്ളത്തരങ്ങള്‍ക്ക് ഉചിതമായ സമയത്ത് ഉചിതമായ മറുപടി നല്‍കുക തന്നെ ചെയ്യും.
മാധ്യമങ്ങള്‍ പുറത്തുവിട്ട നിരവധിയായ ക്രമക്കേടുകളില്‍ എത്രയെണ്ണത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് പോലും വ്യക്തമല്ല. ഹാംലൈറ്റ് പദ്ധതിയില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ക്രമക്കേടുകള്‍ക്ക് തെളിവുകണ്ടെത്താന്‍ കഴിഞ്ഞില്ല അതിനാല്‍ കേസ് അവസാനിപ്പിക്കുന്നു എന്ന നിലയിലുള്ള ഒരു വിവരാവകാശ രേഖ പുറത്തു വന്നിരുന്നത് കണ്ടിരുന്നു. ഉയര്‍ന്നുവന്ന ക്രമക്കേടുകളില്‍ നിന്നെല്ലാം കുറ്റവിമുക്തരായി എന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ ഈ വിവരാവകാശരേഖയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. നിരവധിയായ പദ്ധതികളില്‍ വളരെ ഗൗരവമുള്ള ക്രമക്കേടുകളായിരുന്നു മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത്. അതിലെല്ലാം സ്വഭാവികമായ അന്വേഷണം നടക്കുമെന്നാണ് കണ്ടിരുന്നത്.
ഈ വിഷയത്തില്‍ മറ്റുതാല്പ്പര്യങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് ഈ വിഷയങ്ങളെ രാഷ്ട്രീമായി കാണാതെ നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെ എന്ന നിലയില്‍ ഡി.വൈ.എഫ്.ഐ അടക്കം കണ്ടിരുന്നത്. എന്നാല്‍ ഇത്തരം ക്രമക്കേടുകളെയെല്ലാം വെള്ളപൂശാനും ഇടതുപക്ഷത്തെ അനാവശ്യമായി പ്രതിക്കൂട്ടില്‍ നിര്‍ത്താനുമുള്ള രാഷ്ട്രീയനീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
അതിനാല്‍ തന്നെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന ക്രമക്കേടുകളില്‍ എത്രയെണ്ണം അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന ക്രമക്കേടുകളില്‍ അന്വേഷണം നടക്കുക എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. നിലവില്‍ ഈ ക്രമക്കേടുകളില്‍ എത്രയെണ്ണത്തില്‍ അന്വേഷണം നടന്നു, എത്രയെണ്ണം അന്വേഷണ ഏജന്‍സികളുടെ മുന്നിലെത്തി എന്ന പരിശോധന നടത്തുവാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചിരിക്കുകയാണ്.
മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന മുഴുവന്‍ ക്രമക്കേടുകളുടെയും മാധ്യമ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളും രേഖകളും അടക്കം ശേഖരിച്ച് അന്വേഷണ ഏജന്‍സികളെ രേഖാമൂലം പരാതിയുമായി സമീപിക്കാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചിരിക്കുകയാണ്. ആവശ്യമായപക്ഷം ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് വിജിലന്‍സ് കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചും ഡി.വൈ.എഫ്.ഐ ആലോചിക്കുന്നുണ്ട്. രാഷ്ട്രീയലക്ഷ്യങ്ങളോടെ സി.പി.ഐ.എമ്മോ ഇടതുപക്ഷ സര്‍ക്കാരോ ഇത്തരം ക്രമക്കേടുകളെ സമീപിക്കുകയില്ല.
പക്ഷെ ഇത്തരം ക്രമക്കേടുകള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തില്‍ കണ്ടിട്ടില്ലെങ്കില്‍ അത് അവരുടെ ശ്രദ്ധയില്‍പ്പെടുത്തി ഗൗരവമായ അന്വേഷണത്തിനായി ഇടപെടുക എന്നത് ഡി.വൈ.എഫ്.ഐയുടെ കടമയാണ്.
ഇത്തരത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗ്ഗ വകുപ്പില്‍ നടന്ന ഗുതുതരമായ ക്രമക്കേടുകള്‍ സംബന്ധിച്ച് ഗുണപരമായൊരു ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ ഉമ്മന്‍ചാണ്ടിയുടെ അസത്യ പ്രചരണം കാരണമായി എന്നതില്‍ സന്തോഷമുണ്ട്.
സോളാര്‍ കേസില്‍ കുറ്റാരോപിതനായി മുന്മുഖ്യമന്ത്രിയ്ക്കെതിരായ അന്വേഷണം പോലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കാത്ത സി.പി.ഐ.എം മുന്‍മന്ത്രിയ്ക്കെതിരെ അഴിമതി ആരോപണങ്ങളുടെ മേല്‍ കള്ളപ്രചരണം നടത്തിയെന്നെല്ലാം ആരോപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് മാത്രമേ കഴിയൂ. എന്തായാലും വസ്തുതകള്‍ പരിശോധിക്കാന്‍ തയ്യാറാകാതെ മാധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ സി.പി.ഐ.എമ്മിനെതിരെയുള്ള കള്ളപ്രചരണങ്ങള്‍ ഏറ്റുപിടിച്ചതില്‍ വിയോജിപ്പുണ്ട്.
കെ.റഫീഖ്
Discussion about this post