തൃശ്ശൂര്‍: രാജ്യതലസ്ഥാനത്ത് രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ
സമരജീവികള്‍ എന്ന് അധിക്ഷേപിച്ച് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കെകെ രാഗേഷ് എംപി. രാജ്യസഭയിലായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. കര്‍ഷക പ്രതിഷേധത്തിന്റെ കാരണം തനിക്ക് അറിയില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
”രാജ്യത്ത് പുതിയ ഇനം സമരജീവികള്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ കണ്ടെത്തല്‍. എവിടെയെങ്കിലും സമരം ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ ചാടിവീഴും. സമരമില്ലാതെ അവര്‍ക്ക് ജീവിക്കാനാവില്ല. രണ്ടരമാസത്തോളം കൊടുംതണുപ്പില്‍, തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രം സമരം ചെയ്യേണ്ടിവന്ന കര്‍ഷകരുടെ സമരത്തിന് നേരെയാണ് ഈ പരിഹാസം.
കുറച്ചുകാലം പിറകോട്ട് സഞ്ചരിച്ചാല്‍ ഈ ഇനം സമരജീവികളെ കുറച്ചുകൂടുതല്‍ കാണാന്‍ കഴിയും. തേഭാഗയിലും തെലങ്കാനയിലും പുന്നപ്രവയലാറിലും അനീതി കൊടികുത്തിവാണിരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലൊക്കെ ഈ ജീവികളുടെ ‘ശല്യ’മുണ്ടായിരുന്നു.
സ്വാതന്ത്ര്യത്തിന് മുന്‍പും അതിനുശേഷവും നട്ടെല്ലുയര്‍ത്തി മനുഷ്യനായി ജീവിക്കാനുള്ള അവകാശപ്പോരാട്ടങ്ങളിലും അവര്‍ ആത്മാഹുതി ചെയ്തു. അവരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമര്‍ത്തുമ്പോള്‍, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോള്‍ ഓര്‍ക്കുക, ഫാസിസ്റ്റുകള്‍ തേര്‍വാഴ്ച തുടങ്ങിയിരിക്കുന്നു.
‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന് അമേരിക്കയില്‍ ചെന്ന് നാണമില്ലാതെ വിളിച്ചുപറഞ്ഞ പ്രധാനമന്ത്രിയാണ് മോഡി. എന്നാലിന്ന് മോഡിയുടെ ജനാധിപത്യവിരുദ്ധത ലോകം വിളിച്ചുപറയുമ്പോള്‍ അവര്‍ക്കെതിരെ ലജ്ജയില്ലാതെ കേസെടുക്കുകയാണ് ഭരണകൂടം.
കര്‍ഷകസമരത്തെ പിന്തുണയ്ക്കാനുള്ള ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ടുണ്‍ബേയുടെ ‘ടൂള്‍കിറ്റ്’ ഭരണകൂടത്തിന്റെ ഭാഷയില്‍ മതവികാരമിളക്കിവിടുന്നതാണ്! ജോര്‍ജ്ജ് ഫ്‌ളോയിഡിനെതിരെയുള്ള അതിക്രമത്തിന്റെ പേരില്‍ അമേരിക്കന്‍ പോലീസ് ലോകത്തിന് മുന്നില്‍ മുട്ടുകുത്തിനിന്നിട്ടുണ്ട് പിന്നീട്.
സമരംചെയ്യുന്ന കര്‍ഷകരെ വേട്ടയാടിയും അവര്‍ക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചും അവരുടെ വഴികളില്‍ കൂര്‍ത്ത ആണികളുറപ്പിച്ചും ശത്രുസൈന്യത്തെപ്പോലെ അവരെ നേരിടുന്ന ഭരണാധികാരികള്‍ ട്രംപിന്റെ പോലീസിന്റെ ജനാധിപത്യം പോലുമില്ലാത്ത നവനാസികള്‍ തന്നെ.
സമരങ്ങളാണ് ലോകത്തെ മാറ്റിമറിച്ചത്. സമരങ്ങളാണ് അടിമനുകം തകര്‍ത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അഭിമാനത്തിലേക്ക് നമ്മെ ഉയര്‍ത്തിയത്. സാമ്രാജ്യത്വത്തിന്റെ, കോര്‍പ്പറേറ്റുകളുടെ ചെരിപ്പുനക്കികള്‍ക്ക് അതിന്റെ വിലയറിയണമെന്നില്ല’